കുരുമുളകിനും ഇഞ്ചിക്കും കഷ്ടകാലം; ഹൈറേഞ്ചില്‍നിന്ന് ഇഞ്ചി കൃഷി പടിയിറങ്ങുന്നു
തൊടുപുഴ: കര്‍ഷകരെ കണ്ണീര്‍ കുടിപ്പിച്ച് ഹൈറേഞ്ച് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കുരുമുളകിനും ഇഞ്ചിക്കും വിലയിടിയുന്നു. പ്രളയം ഏക്കറ്കണക്കിന് കൃഷിയിടങ്ങളെയാണ് തരിശാക്കിയത്. വിളനാശവും ഗണ്യമായ ഉല്‍പാദനക്കുറവും നേരിടുന്ന കുരുമുളകിന് കിലോയ്ക്ക് 350 ല്‍ താഴെയാണ് നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വിളവെടുപ്പ് സീസണ്‍ പൂര്‍ത്തിയാകാന്‍ ഇനി ചുരുക്കം ദിവസങ്ങളേയുള്ളൂ. ഉല്‍പാദനചെലവും പണിക്കൂലിയും വര്‍ധിച്ച സാഹചര്യത്തില്‍ കുരുമുളക് കര്‍ഷകര്‍ ഏറെ അസംതൃപ്തരാണ്.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ഇറക്കുമതി നയമാണ് 650- 700 രൂപ വിലയുണ്ടായിരുന്ന കുരുമുളകിനെ ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചത്. വിയറ്റ്‌നാം കുരുമുളക് ടണ്‍ കണക്കിന് ഇറക്കുമതി ചെയ്ത് മറ്റ് സംസ്ഥാനത്തെ നിലവാരമില്ലാത്ത കുരുമുളകില്‍ കൂട്ടിച്ചേര്‍ത്ത് വന്‍കിട കച്ചവടക്കാര്‍ വിറ്റഴിക്കാന്‍ തുടങ്ങിയതോടെ വിദേശത്ത് ആവശ്യം കുറഞ്ഞു. ഇതോടെ ഉത്തരേന്ത്യന്‍ വ്യാപാരികളും പിന്‍വലിഞ്ഞതോടെ ആഭ്യന്തരവിപണിയിലും കുരുമുളകിന് വിലയിടിവുണ്ടായി. പ്രളയത്തെത്തുടര്‍ന്ന് മണ്ണിന്റെ സ്വഭാവത്തിലും മൂലകങ്ങളുടെ ഘടനയിലുമുണ്ടായ മാറ്റം കുരുമുളക് വള്ളികളില്‍ മഞ്ഞളിപ്പും ദ്രുതവാട്ടവും കുമിള്‍ രോഗവും വ്യാപകമാക്കി. ഇതോടൊപ്പം വളത്തിനും കീടനാശിനികള്‍ക്കും വില കുതിച്ചുയര്‍ന്നതോടെ കുരുമുളക് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഉല്‍പാദനക്കുറവും വിലത്തകര്‍ച്ചയുംകാരണം ഇഞ്ചി കൃഷിയില്‍നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുകയാണ്. ഒക്ടോബറില്‍ 50 രൂപയുണ്ടായിരുന്ന പച്ച ഇഞ്ചിയുടെ വില ഇപ്പോള്‍ 40ല്‍ എത്തി. 160 -170 രൂപയാണ് ചുക്കിന്റെ വില. ഏറ്റവും മികച്ചതിന് 205 രൂപയാണ് കൊച്ചി വിപണിയിലുള്ളത്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇഞ്ചിയുടെ വിളവെടുപ്പ് നടക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് 250 രൂപ വരെ ചുക്കിന് ലഭിച്ചിരുന്നു. തൊഴിലാളിക്ഷാമം മൂലം ചുക്ക് ആക്കാതെ ഭൂരിഭാഗം കര്‍ഷകരും ഇഞ്ചി പച്ചയ്ക്ക് വില്‍ക്കുകയാണ്. പച്ച ഇഞ്ചിക്ക് വില ഇടിയുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പച്ച ഇഞ്ചിക്ക് 75 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷിയുമായി മുന്നോട്ടുപോകാനാകൂ എന്ന് കര്‍ഷകര്‍ പറയുന്നു.
തൊഴിലാളികള്‍ക്കുള്ള കൂലിയും വളപ്രയോഗവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ കൃഷിക്കായി മുടക്കിയ തുകപോലും പലര്‍ക്കും തിരികെ കിട്ടുന്നില്ല. പൂപ്പല്‍ ബാധമൂലം അധികകാലം ഉണക്കി സൂക്ഷിക്കാനാവാതെ നഷ്ടം സഹിച്ചും വിറ്റഴിക്കേണ്ടിവരികയാണ്. മെയ്, ജൂണ്‍ മാസങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. മഴയുടെ തോതിനെ ആശ്രയിച്ചാണ് ഇതിന്റെ വിളവ്. പ്രധാന നാണ്യവിളകളോടൊപ്പം ഇഞ്ചി കൃഷി ചെയ്യുന്നവരുടെ എണ്ണം കുറയുകയാണ്. സ്വന്തം ആവശ്യത്തിന് മാത്രമായി പലരും കൃഷി പരിമിതപ്പെടുത്തുകയാണ് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."