ജനപങ്കാളിത്തത്തോടെ ജൈവവൈവിധ്യ സംരക്ഷണം നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ താല്‍പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച ദേശീയ ജൈവവൈവിധ്യ സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹജീവിയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ബാധ്യത നമുക്കുണ്ട്. ജൈവവൈവിധ്യം നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. 2015ലെ ഐക്യ രാഷ്ട സഭ ഉച്ചകോടിയോടനുബന്ധിച്ച് തയ്യാറാക്കിയ രൂപരേഖയില്‍ ഭൂമിയുടെ പരിരക്ഷ നിലനിര്‍ത്തി ജൈവ വൈവിധ്യാധിഷ്ഠിത വികസനത്തിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള നിര്‍ദേശങ്ങളുണ്ട്. സമ്പന്നമായ ജൈവ വൈവിധ്യത്തെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുസ്ഥിര വികസനത്തിന് ഉപയോഗിച്ചാല്‍ രാജ്യത്തിന്റെ സമ്പദ്ഘടന സുശക്തമാക്കാനാവും.
തദ്ദേശ സ്ഥാപനങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള ജൈവവൈവിധ്യ രജിസ്റ്റര്‍ അടിസ്ഥാനമാക്കി നാട്ടറിവുകള്‍ സംരക്ഷിക്കാനും ഉപയോഗപ്പെടുത്താനും പദ്ധതികള്‍ തയ്യാറാക്കുന്നതിനും ബോര്‍ഡ് തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, പരിസ്ഥിതി ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍, മെമ്പര്‍ സെക്രട്ടറി ഡോ. ദിനേശന്‍ ചെറുവാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."