ലോണ്‍ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വാഹനം പിടിച്ചെടുത്തതായി പരാതി
കോഴിക്കോട്: മൂന്നുമാസത്തെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ലോണെടുത്ത് വാങ്ങിയ സൂപ്പര്‍ സീരീസില്‍പെട്ട വാഹനം സ്വകാര്യബാങ്ക് അധികൃതര്‍ പിടിച്ചെടുത്തതായി പരാതി.
കല്ലായ് സ്വദേശി ഫസിന് മുഹമ്മദാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നടക്കാവ് ബ്രാഞ്ചിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. 14 ലക്ഷം രൂപയുടെ ബൈക്കിനായി ബാങ്കില്‍ നിന്ന് 11 ലക്ഷം രൂപയാണ് ലോണെടുത്തത്. മാസത്തില്‍ 25,000 രൂപയാണു തിരിച്ചടവായി നല്‍കിയിരുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ മൂന്നുമാസത്തെ തവണ മുടങ്ങുകയായിരുന്നു. ഇതിനിടെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും ഫസിന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തുടര്‍ന്ന് തവണ തെറ്റിയ തുക തിരിച്ചടക്കാന്‍ ബാങ്കില്‍ എത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വാഹനവും രേഖകളും പിടിച്ചെടുക്കുകയായിരുന്നു. വീഴ്ചവന്ന തുക തിരിച്ചടയ്ക്കാമെന്ന് രേഖാമൂലം അധികൃതരെ അറിയിച്ചുരുന്നുവെങ്കിലും ബൈക്ക് ലേലത്തില്‍ വില്‍ക്കുമെന്ന അറിയിപ്പാണു ലഭിച്ചത്. തുടര്‍ന്ന് കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ച് ലേലവില്പനയ്ക്ക് സ്റ്റേ വാങ്ങി.
വാഹനം പിടിച്ചെടുത്തതിനു ശേഷവും തന്റെ അക്കൗണ്ടില്‍ നിന്ന് ഇ.എം.ഐ പണം ബാങ്ക് പിന്‍വലിക്കുകയാണ്. ബാങ്കിന്റെ ഇത്തരം നടപടിക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്കിയപ്പോള് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഫസിന് മുഹമ്മദ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 20ന് ഹിയറിങ് വച്ചങ്കിലും ബാങ്ക് അധികൃതര്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണന്നും മുഴുവന്‍ തുകയും തിരിച്ചുനല്കിയാലേ ബൈക്ക് തിരിച്ചുനല്കൂവെന്ന നിലപാടാണ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ളതെന്നും ഫാസിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."