ജില്ലാ പൊലിസ് മേധാവിക്ക് സ്ഥലംമാറ്റം: കെ. സഞ്ജയ്കുമാര്‍ പുതിയ കമ്മിഷണര്‍
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറായിരുന്ന കാളി രാജ് മഹേഷ് കുമാറിനെ മാറ്റി തല്‍സ്ഥാനത്ത് കെ. സഞ്ജയ്കുമാര്‍ ഗുരുദിനെ നിയമിച്ചു. കഴിഞ്ഞദിവസം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി ബി.ജെ.പി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഹര്‍ത്താലനുകൂലികള്‍ക്കും മറ്റും വിഹരിക്കാന്‍ അവസരമൊരുക്കിയിരുന്നുവെന്ന ആരോപണത്തിനു പിന്നാലെയാണ് സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ സ്ഥലംമാറ്റം. ഹര്‍ത്താല്‍ ദിനത്തില്‍ കമ്മിഷണറുടെ നടപടിയില്‍ സേനാ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷം ഉയര്‍ന്നിരുന്നു. ഇസഡ് കാറ്റഗറി സെക്യൂരിയുള്ള കാളിരാജ് മഹേഷ് കുമാറിനെതിരേ നേരത്തെ തന്നെ രാഷ്ട്രീയ നേതാക്കളും മറ്റും രംഗത്തുവന്നിരുന്നു. ഇതിനു മുന്‍പ് കോഴിക്കോട് സിറ്റി കമ്മിഷണര്‍മാരായി ചാര്‍ജെടുത്ത മറ്റാര്‍ക്കുമില്ലാത്ത സെക്യൂരിറ്റി സംവിധാനം കാളിരാജ് മഹേഷ്‌കുമാറിനൊരുക്കിയതില്‍ സേനാംഗങ്ങല്‍ക്കിടയില്‍ അതൃപ്തിയും ഉടലെടുത്തിരുന്നു.
കോഴിക്കോട് സിറ്റിയില്‍ അക്രമമുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടായിട്ടും വേണ്ടത്ര ജാഗ്രതപുലര്‍ത്താന്‍ കമ്മിഷണര്‍ തയാറായിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് കാളിരാജ് മഹേഷ്‌കുമാറിനെ പൊലിസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. പൊലിസ് ആസ്ഥാനത്തെ ഡി.ഐ.ജിയായിരുന്നു കെ. സഞ്ജയ്കുമാര്‍ ഗുരുദിന്‍. മുംബൈയില്‍നിന്ന് ബി ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ സഞ്ജയ്കുമാര്‍ ഡല്‍ഹി മെട്രോയുടെ ആദ്യ എന്‍ജിനീയറിങ് സംഘത്തിലെ അംഗമായിരുന്നു. 2005ല്‍ ഐ.പി.എസ് നേടി. കൊല്ലം എ.എസ്.പി ആയാണ് ആദ്യനിയമനം. കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പൊലിസ് മേധാവിയായി. കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റുമായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയില്‍ ആറു സംസ്ഥാനങ്ങളുടെ ചുമതലയുള്ള പൊലിസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."