സുഹൃത്തിനെ കുത്തിക്കൊന്നത് കളിയാക്കല്‍ സഹിക്കാനാകാതെ
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റിനുള്ളിലെ കടയില്‍ നടന്ന കൊലപാതകത്തിന് കാരണമായത് സുഹൃത്തിന്റെ പരിഹാസം. പുനലൂര്‍ സ്വദേശി രതീഷ്(36) ആണ് കൂടെ ജോലി ചെയ്യുന്ന കണിയാപുരം സ്വദേശി സഫീറിന്റെ(21) കുത്തേറ്റ് മരിച്ചത്. സഫീറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ വേള്‍ഡ് മാര്‍ക്കറ്റിനുള്ളിലെ കെ.എം.എസ് ട്രേഡേഴ്‌സ് എന്ന പച്ചക്കറി വില്‍പനശാലയിലാണ് സംഭവം നടന്നത്. കടയില്‍ പച്ചക്കറി മുറിക്കാനുപയോഗിക്കുന്ന കത്തികൊണ്ട് സഫീര്‍ രതീഷിന്റെ വയറില്‍ കുത്തുകയായിരുന്നു. ഉടന്‍തന്നെ രതീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. കുത്തേറ്റയുടന്‍ രക്തം വാര്‍ന്നു പോകാതിരിക്കാന്‍ തോര്‍ത്തുകൊണ്ട് മുറിവ് കെട്ടിയിരുന്നു. ഇതിനാല്‍ വയറിനുള്ളില്‍ രക്തം കട്ട പിടിച്ചാണ് മരണം സംഭവിച്ചതെന്ന് പൊലിസ് പറഞ്ഞു.
വിവരമറിഞ്ഞ് പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ശംഖുമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദ്, പേട്ട സി.ഐ ബിനു ശ്രീധര്‍ എന്നിവര്‍ സ്ഥലത്തെത്തി സഫീറിനെ കസ്റ്റഡിയിലെടുത്തു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഭാഗമായി പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നെന്നാണ് പൊലിസ് പറയുന്നത്. കൊലപാതകത്തിനുപയോഗിച്ച കത്തിയും കടയില്‍നിന്ന് കണ്ടെത്തി. ഫോറന്‍സിക് വിദഗ്ധരുടെ സംഘം ഇന്നലെ രാവിലെ കടയിലെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.
തമാശ പറഞ്ഞത് ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. അവിവാഹിതനായ സഫീര്‍ പെണ്‍കുട്ടികളെ നോക്കുന്നുവെന്നും മറ്റും തമാശയായി രതീഷ് പറഞ്ഞിരുന്നു. രണ്ട് ദിവസമായി ഇത്തരത്തില്‍ കളിയാക്കല്‍ തുടരുന്നതിനാല്‍ സഫീര്‍ ഇതിനെ എതിര്‍ത്തു. ഇന്നലെ വൈകിട്ട് കടയില്‍ തിരക്കൊഴിഞ്ഞ സമയത്ത് വീണ്ടും രതീഷ് സഫീറിനെ കളിയാക്കി. ഇതില്‍ പ്രകോപിതനായാണ് സഫീര്‍ പച്ചക്കറി മുറിക്കുന്ന കത്തിയെടുത്ത് രതീഷിനെ കുത്തിയത്. രതീഷ് ഏഴ് വര്‍ഷം ഇതേ കടയില്‍ ജോലി ചെയ്തിരുന്നു. ഒരുവാതില്‍ക്കോട്ട കയര്‍ സൊസൈറ്റിക്ക് സമീപം വാടക വീട്ടിലായിരുന്നു രതീഷിന്റെ താമസം. സന്ധ്യയാണ് ഭാര്യ. നാല് വയസുള്ള മകളും മൂന്ന് മാസം പ്രായമുള്ള മകനുമുണ്ട്.
കണിയാപുരം ചാന്നാങ്കര എ.കെ ഹൗസില്‍ താമസിക്കുന്ന സഫീര്‍ മൂന്ന് വര്‍ഷമായി ഈ കടയില്‍ ജോലി ചെയ്യുകയാണ്. രതീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."