പരാതിക്കാര്‍ക്ക് ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും വനിതാ കമ്മിഷന്റെ ശ്രമം കുറ്റക്കാരുടെ മുഖം രക്ഷിക്കാന്‍
കോട്ടയം: നിരവധി തവണ അന്തേവാസികള്‍ പരാതിപ്പെട്ട തിരുനക്കര എന്‍.എസ്.എസ് വനിതാ ഹോസ്റ്റലിനെതിരെ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് വനിത കമ്മിഷനംഗത്തിന്റെ അഭ്യര്‍ഥന. ഇന്നലെ കോട്ടയം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് ഇത്തരത്തില്‍ എതിര്‍കക്ഷിക്കു വേണ്ടി അഭ്യര്‍ഥനയുമായി കമ്മിഷനംഗം ഡോ. പ്രമീളാ ദേവി എത്തിയത്. അന്തേവാസികളുടെ പരാതിക്ക് പരിഹാരം കണ്ടെത്താമെന്ന് ഉറപ്പ് നല്‍കിയ എന്‍.എസ്.എസ് നേതൃത്വം വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് കമ്മിഷനോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇതുപ്രകാരം മാധ്യമ പ്രവര്‍ത്തകരോട് ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പരാതിപ്പെട്ട പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടും സംരക്ഷണം ഉറപ്പുവരുത്താനോ നടപടി സ്വീകരിക്കാനോ തയാറാകാതെ കുറ്റക്കാരോട് മൃതുസമീപനമാണ് കമ്മിഷന്‍ സ്വീകരിച്ചത്.
ഹോസ്റ്റലിലെ ശോചാനീയാവസ്ഥയും പീഡനവും സംബന്ധിച്ച് 177 പെണ്‍കുട്ടികള്‍ ഒപ്പിട്ടു നല്‍കിയ പരാതിയാണ് ഇന്നലെ കമ്മിഷനു മുമ്പിലെത്തിയത്. തുടര്‍ന്ന് വാര്‍ഡനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയ കമ്മിഷന്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒരാഴ്ച്ചയ്ക്കകം തീര്‍ക്കണമെന്നും പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും താക്കീത് നല്‍കി. എന്നാല്‍ തനിക്ക് മാത്രമായി പ്രശ്‌നത്തില്‍ പരിഹാരം കാണാനാകില്ലെന്ന് വാര്‍ഡന്‍ അറിയച്ചതോടെ കമ്മിഷനംഗം എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ച് കാര്യങ്ങള്‍ ആരാഞ്ഞു.
ഹോസ്റ്റല്‍ വാര്‍ഡനോട് കര്‍ശന നിലപാട് സ്വീകരിച്ച പ്രമീളാ ദേവി എന്‍.എസ്.എസ് നേതൃത്വത്തിന് മുന്‍പില്‍ മൃദു സമീപനമായിരുന്നു സ്വീകരിച്ചത്. തുടര്‍ന്നാണ് സംഭവത്തിന് വാര്‍ത്താപ്രാധാന്യം നല്‍കരുതെന്ന എന്‍.എസ്.എസിന്റെ ആവശ്യം കമ്മിഷന്‍ ഏറ്റുപറഞ്ഞത്. കുടുംബപ്രശ്‌നങ്ങളുമായി എത്തുന്നവരുടെ കാര്യത്തില്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാതെയിരുന്ന കമ്മിഷനംഗം എന്‍.എസ്.എസിനുവേണ്ടി അഭ്യര്‍ഥനയുമായി രംഗത്തെത്തിയത് ഇതിനോടകം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."