മാവോയിസ്റ്റുകള്‍ ആയുധംവച്ച് കീഴടങ്ങണമെന്ന് ഡി.ജി.പി
കല്‍പ്പറ്റ: മാവോയിസ്റ്റുകള്‍ ആയുധംവച്ച് കീഴടങ്ങണമെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് മാവോയിസ്റ്റുകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ പറഞ്ഞു.
പൊലിസ് വയനാട്ടില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ കുടുംബാംഗങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും. മറ്റ് ആനുകൂല്യങ്ങളും നല്‍കും. എന്നാല്‍ കേരളത്തില്‍ പാക്കേജ് പ്രഖ്യാപിച്ചിട്ടും ഇതുവരെ ആരും കീഴടങ്ങിയിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസം മുമ്പും വയനാട് മേപ്പാടി മുണ്ടക്കൈയില്‍ മാവോയിസ്റ്റുകള്‍ റിസോര്‍ട്ട് ആക്രമിച്ചിരുന്നു. ആദിവാസി സ്ത്രീകളെ റിസോര്ട്ടുകാര് ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തോട്ടം മേഖലയിലെ തൊഴിലാളി ചൂഷണത്തിനെതിരെ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെയുള്ള പത്രക്കുറിപ്പ് കഴിഞ്ഞ ദിവസം വയനാട് പ്രസ് ക്ലബ്ബില്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് അദാലത്തുമായി ബന്ധപ്പെട്ട് ഡി.ജി.പി വയനാട്ടിലെത്തിയത്.
കണ്ണൂര്‍ റെയിഞ്ച് ഐ.ജി സേതുരാമന് ഐ.പി.എസ്, കോഴിക്കോട് റെയിഞ്ച് ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ ശ്രീനിവാസന് ഐ.പി.എസ്, വയനാട് ജില്ലാ പൊലിസ് മേധാവി ആര് ഇളങ്കോ ഐ.പി.എസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് മേധാവി ചൈത്ര തെരേസാ ജോണ്‍ ഐ.പി.എസ് എന്നിവരും ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."