നഗരമധ്യത്തില്‍ നോക്കുകുത്തികളായി രണ്ടു കെട്ടിടങ്ങള്‍; എന്ന് തുറക്കും?
തിരുവനന്തപുരം: ഉദ്ഘാടനം നടത്തിയിട്ട് നാളുകളേറെയായിട്ടും പ്രവര്‍ത്തനം തുടങ്ങുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ടു കെട്ടിടങ്ങള്‍ നഗരമധ്യത്തില്‍ നോക്കുകുത്തികളാകുന്നു. തിരുവനന്തപുരം കണ്ണാശുപത്രിക്കായി നിര്‍മിച്ച പുതിയ കെട്ടിടവും, പാളയം സെന്‍ട്രല്‍ ലൈബ്രറിയുടെ പുതിയ പൈതൃക മന്ദിരവുമാണ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ നോക്കുകുത്തികളായത്. മാസങ്ങള്‍ക്കു മുന്‍പ് നല്‍കുന്ന വിശദീകരണം ആവര്‍ത്തിക്കാനല്ലാതെ എന്നു പ്രവര്‍ത്തിക്കാനാകുമെന്ന് വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.
യോഗങ്ങള്‍ക്ക് മുടക്ക മില്ലാതെ കണ്ണാശുപത്രി
കണ്ണാശുപത്രിക്കായി നിര്‍മിച്ച പുതിയ കെട്ടിടം കഴിഞ്ഞ നവംബറില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
ഇതിനായി പുതിയ തസ്തികള്‍ അനുവദിച്ചതായി ആരോഗ്യമന്ത്രിയും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് ആറുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തിന് പിന്നാലെ കെട്ടിടം മാസങ്ങളോളം അടച്ചിട്ടു. പിന്നീട് അറ്റകുറ്റപ്പണി തുടങ്ങി. ഒരു വര്‍ഷത്തോളമായി അറ്റകുറ്റപ്പണി തുടരുകയാണ്. ഇനിയും ഇലക്ട്രിക് പണികള്‍ തീര്‍ക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഈ മാസം പത്തിന് പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരുന്നുണ്ട്. അറ്റകുറ്റപ്പണി തുടങ്ങിയതിന് ശേഷം പല പ്രാവശ്യം ഇത്തരത്തില്‍ യോഗം ചേര്‍ന്നിരുന്നു. ദിനംപ്രതി ഇതരസംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് പേരാണ് കണ്ണാശുപത്രിയില്‍ എത്തുന്നത്. നിലവില്‍ കണ്ണാശുപത്രിയില്‍നിന്നു തിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. പുതിയ കെട്ടിടം വന്നതോടെ ദുരിതത്തിന് അറുതി വരുമെന്ന പ്രതീക്ഷയിലായിരുന്നു രോഗികള്‍. എന്നാല്‍ അധികൃതരുടെ മെല്ലപ്പോക്ക് രോഗികളുടെ പ്രതീക്ഷ അസ്ഥാനത്താക്കിയിരിക്കുകയാണ്.
പബ്ലിക് ലൈബ്രറിയില്‍ ലക്ഷങ്ങള്‍ പൊടിച്ചു, പക്ഷേ.. !
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സെന്‍ട്രല്‍ ലൈബ്രറിയുടെ പുതിയ പൈതൃക മന്ദിരം മാസങ്ങള്‍ക്ക് മുന്‍പാണ് ഉദ്ഘാടനം നടത്തിയത്. ഇന്റീരിയര്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതും ജീവനക്കാരുടെകുറവുമാണ് കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തടസമായി അധികൃതര്‍ പറയുന്നത്. ആവശ്യത്തിന് ജീവനക്കാരെ പുതുതായി നിയമിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പോടെയായിരുന്നു പണി തുടങ്ങിയത്. എന്നാല്‍ പണി പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞിട്ടും ജീവനക്കാരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാമെന്നാണ് അധികൃതര്‍ ഒടുവില്‍ എടുത്ത തീരുമാനം. എന്നാല്‍ ഈ തീരുമാനമെടുത്തിട്ടും മാസങ്ങള്‍ പിന്നിടുകയാണ്. ഇതുവരെയും നടപടികളുണ്ടായിട്ടില്ല. കെട്ടിടത്തിന്റെ ഫര്‍ണിചറുകള്‍ ഉള്‍പ്പടെയുളള ഇന്റീരിയര്‍ പണികളും പൂര്‍ത്തിയാക്കാനുണ്ട്. ഇത് എന്നു തീരുമെന്ന കാര്യത്തിലും അനിശ്ചിതാവസ്ഥയാണ്. ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നും ഫര്‍ണിച്ചറുകള്‍ ഒരുക്കണമെന്നും നേരത്തെ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെങ്കില്‍ കെട്ടിടം അടച്ചിടേണ്ടി വരുമായിരുന്നില്ലെന്നു വായനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."