വെള്ളത്തിനൊന്നും ഇവിടെ വിലയില്ല
പയ്യന്നൂര്‍: കത്തുന്ന വേനലില്‍ നാടും നഗരവും വരള്‍ച്ചയുടെ കെടുതിയിലേക്ക് നീങ്ങുമ്പോള്‍ പയ്യന്നൂരില്‍ കുടിവെള്ളം റോഡില്‍ പാഴാക്കി അധികൃതര്‍. ഇന്നലെ വൈകുന്നേരം നാലോടെയാണ് സെന്‍ട്രല്‍ ബസാറില്‍ ട്രാഫിക് സിഗ്‌നലിന് സമീപത്ത് പൈപ്പില്‍ നിന്നു വെള്ളം പുറത്തേക്കൊഴുകാന്‍ തുടങ്ങിയത്.
നിമിഷ നേരം കൊണ്ട് സെന്‍ട്രല്‍ ബസാറില്‍ പ്രധാന റോഡ് മുഴുവന്‍ വെള്ളത്തിനടിയിലായി. ഗതാഗതവും കാല്‍നടയാത്രയും തടസപ്പെട്ടു. വെള്ളം കുത്തിയൊഴുകി ഇവിടെ സ്ഥാപിച്ച ഇന്റര്‍ലോക്കുകള്‍ ഇളകി പൊങ്ങുകയും ചെയ്തു.
ഏറെ നേരം കഴിഞ്ഞ് ഓവുചാല്‍ വഴി വെള്ളം ഒഴുകിപോയ ശേഷമാണ് ഗതാഗതം നേരെയായത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പൈപ്പാണ് തകര്‍ന്നത്.
പൈപ്പിനകത്ത് സമ്മര്‍ദ്ദം ഏറിയതിനാല്‍ രണ്ടു പൈപ്പുകള്‍ തമ്മില്‍ യോജിപ്പിച്ച സ്ഥലത്ത് നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ വിശദീകരണം.
എന്നാല്‍ പൈപ്പുകള്‍ യോജിപ്പിക്കുന്നത് കാര്യക്ഷമമായി നടപ്പാക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."