കടലാക്രമണം രൂക്ഷം
കരുനാഗപ്പള്ളി: ആലപ്പാടും ഇരവിപുരം താന്നിയിലും കടലാക്രമണം കൂടുതല്‍ രൂക്ഷമാണ്.
തീരത്തിന്റെ പലഭാഗ ങ്ങളിലും തീരദേശ റോഡ് കടന്ന് കടല്‍ വെള്ളം ദേശീയ ജലപാതയിലേക്ക് ഒഴുകുകയാണ്. ആലപ്പാട്, ചെറിയഴീക്കല്‍, കുഴിത്തുറ, അഴീക്കല്‍ ഭദ്രന്‍മുക്ക് എന്നിവിടങ്ങളിലാണ് ശക്തമായ കടല്‍ കയറ്റം ഉണ്ടാകുന്നത്. സുനാമി ദുരന്തത്തിന് ശേഷം ഇത്രവലിയ കടല്‍ കയറ്റം ഉണ്ടാകുന്നത് ആദ്യമാണെന്ന് തീരദേശവാസികള്‍ പറയുന്നു.
കടല്‍ കയറ്റം പതിവാകുന്ന തീരദേശത്ത് പലഭാഗങ്ങളിലും ഇനിയും പുലിമുട്ട് നിര്‍മിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. അഴീക്കല്‍ ഭദ്രന്‍മുക്കില്‍ അരകിലോമീറ്ററിലധികം കടല്‍ കയറി വെള്ളം കെട്ടിക്കിടക്കുകയാണ്. ഇവിടെ റോഡും വെള്ളത്തിനടിയിലാണ്. ഇതുകാരണം വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുന്നു.
കടല്‍ക്ഷോഭം മുന്നില്‍കണ്ട് തീരം സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ചെറിയഴീക്കലില്‍ ക്ഷേത്രവും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്ന ഭാഗത്ത്
കടലാക്രമണം രൂക്ഷമാണ്. ഇവിടെയും പുലിമുട്ട് സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്. ഇരവിപുരം മേഖലയില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്.
കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. മുന്‍ വര്‍ഷത്തെപോലെ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ശക്തമായ കടലാക്രമണമാണ് പ്രദേശത്തുള്ളത്. ചെറിയഴീക്കല്‍ ക്ഷേത്രത്തിന് പടിഞ്ഞാറാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. ക്ഷേത്രം, ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, പ്രൈമറി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ഈ ഭാഗത്ത് കടല്‍ഭിത്തിയോ പുലിമുട്ടോ ഇല്ല. കടല്‍ഭിത്തി നിര്‍മാണത്തിന് ആവശ്യമുന്നയിച്ചെങ്കിലും അധികൃതര്‍ അലംഭാവം കാട്ടുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ആലപ്പാട്, കുഴിത്തുറ, അഴീക്കല്‍ ഭദ്രന്‍ മുക്ക് എന്നിവിടങ്ങളിലും ശകതമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. ഇതേ തുടര്‍ന്ന് തീരദേശവാസികള്‍ ആശങ്കയിലാണ്. കാലവര്‍ഷം ശകതി പ്രാപിക്കുന്നതോടെ കടലാക്രമണം ശക്തമാകാനാണ് സാധ്യത. കടല്‍ക്ഷോഭം മുന്നില്‍ക്കണ്ടുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തീരദേശത്ത് മന്ദഗതിയിലാണ് നടക്കുന്നത്. തീരദേശ പഞ്ചയത്തായ ക്ലാപ്പന ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശകതമായ മഴ മൂലം താഴ്ന്ന സ്ഥലങ്ങള്‍ വെള്ളക്കെട്ടിലാണ്. ക്ലാപ്പന മാളിയക്കല്‍ വടക്കതില്‍ സോമന്റെ വീടിന്റെ ഒരു ഭാഗം മഴയില്‍ തകര്‍ന്നു വീണ്. ആര്‍ക്കും പരിക്കില്ല.
കുലശേഖരപുരം, ഓച്ചിറ പഞ്ചായത്തുകളുടെ ചില താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."