ടാറിങ്ങിലെ അപാകത; വെണ്ടോര്‍ വരാക്കര റോഡില്‍ വീണ്ടും അറ്റകുറ്റപ്പണി
പുതുക്കാട്: അളഗപ്പനഗര്‍ പഞ്ചായത്തിലെ വെണ്ടോര്‍ വരാക്കര റോഡിലാണ് ടാറിങ്ങ് പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും അറ്റകുറ്റപണി നടത്തിയത്. ടാറിങ്ങില്‍ അപാകതയുണ്ടെന്ന് കാണിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനല്‍ മഞ്ഞളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപണികള്‍ നടക്കുന്നത്. 800 മീറ്റര്‍ ദൂരമുള്ള റോഡിന്റെ ഓരങ്ങളിലും മധ്യഭാഗങ്ങളിലുമാണ് ടാറിങ് നടക്കുന്നത്. 20 ലക്ഷം രൂപ ചെലവില്‍ ടാറിങ് നടത്തുന്ന റോഡില്‍ ആവശ്യത്തിനുള്ള സാമഗ്രികള്‍ ഉപയോഗിക്കാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതേ റോഡിന്റെ ടാറിങ്ങ് പൂര്‍ത്തിയാകും മുന്‍പേ ടിപ്പര്‍ ലോറിയില്‍ മെറ്റല്‍ കടത്താനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അളന്നു തിട്ടപെടുത്തിയ സാമഗ്രികളാണ് നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ കടത്താന്‍ ശ്രമിച്ചത്. ചില ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മെറ്റല്‍ കടത്താന്‍ ശ്രമിച്ചതെന്നും ആരോപണമുണ്ടായിരുന്നു. പൊലിസിലേല്‍പ്പിച്ച ടിപ്പര്‍ ലോറിയിലെ മെറ്റല്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് വീണ്ടും പണിസ്ഥലത്ത് തന്നെ തിരിച്ചെത്തിച്ചിരുന്നു. നിര്‍മാണ സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ചതിലൂടെ ടാറിങില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അറ്റകുറ്റപണികള്‍ നടക്കുന്നത്. എന്നാല്‍ കരാറില്‍ പറയുന്ന സാമഗ്രികള്‍ ടാറിങില്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."