കുരങ്ങുപനി; ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്
കല്‍പ്പറ്റ: കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ കുരങ്ങുപനി ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട് ജില്ലയിലും രോഗ പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ നിലവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രതിരോധ നടപടികളുടെ ഭാഗമായി രോഗം പടരാന്‍ ഇടയുള്ള മേഖലകളില്‍ വനത്തിനകത്ത് ജോലിക്ക് പോകുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കും.
വിറയലോട് കൂടിയ പനി, തലവേദന, വയറിളക്കം, ഛര്‍ദ്ദി, കഴുത്ത് വേദന, കണ്ണിന് ചുവപ്പ് നിറം, മൂക്കില്‍ നിന്ന് രക്തസ്രാവം എന്നിവയാണ് കുരങ്ങ് പനിയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഉള്ള എല്ലാവര്‍ക്കും കുരങ്ങ് പനി ഉണ്ടാവുകയില്ല. ഇത്തരം രോഗലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വനത്തിനകത്ത് മേയുന്ന കന്നുകാലികള്‍ക്ക് പുരട്ടാനുള്ള രോഗ പ്രതിരോധ ലേപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. വനത്തിനുള്ളില്‍ പോകുന്നവര്‍ കട്ടിയുള്ള, ഇളം നിറമുള്ള, ദേഹം മുഴുവന്‍ മുടുന്നതരത്തിലുള്ള വസ്ത്രം ധരിക്കണം. കാലുകളിലൂടെ ചെള്ള് കയറാത്ത വിധത്തില്‍ ഗണ്‍ബൂട്ട് ധരിക്കണം. കാട്ടില്‍നിന്ന് പുറത്തുവന്ന ഉടന്‍ വസ്ത്രങ്ങളും ശരീരവും പരിശോധിച്ച് ചെള്ളില്ലെന്ന് ഉറപ്പ് വരുത്തുകയും ചൂട് വെള്ളത്തില്‍ കുളിക്കുകയും വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യണമെന്നും ശരീരത്തില്‍ ചെള്ള് പിടിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അതിനെ അമര്‍ത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യണമെന്നും ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും നിലവില്‍ രോഗബാധ ജില്ലയില്‍ ഇല്ലെന്നും മുന്‍കരുതല്‍ നടപടികള്‍ മാത്രമാണ് കൈക്കൊള്ളുന്നതെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല എന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."