കൊച്ചി മെട്രോയെ 'വട്ടംകറക്കി' പൂച്ച
കൊച്ചി: ട്രാക്കിന് താഴെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ച കൊച്ചി മെട്രോയെ വട്ടംകറക്കി. അഗ്നിശമനസേനയും മെട്രോ ജീവനക്കാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ട്രാക്കിന് താഴെ തൂണുകള്‍ക്കിടയില്‍ പതുങ്ങിയ പൂച്ചയെ രക്ഷിച്ചത്.
വൈറ്റില ജങ്ഷന് സമീപത്തായിരുന്നു സംഭവം. തൂണുകള്‍ക്കിടയില്‍ പൂച്ച കുടുങ്ങിയതോടെ ആലുവ ഭാഗത്തേക്കുള്ള മെട്രോ സര്‍വിസ് കുറച്ചുനേരം നിര്‍ത്തിവച്ചു.
മെട്രോ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനയെത്തിയെങ്കിലും തൂണുകളുടെ മുകളിലെത്തിക്കാന്‍ ആവശ്യമായ സന്നാഹമില്ലാതിരുന്നതിനാല്‍ മടങ്ങിപ്പോയി.
തുടര്‍ന്ന് കൊച്ചി മെട്രോയുടെ കൈവശമുള്ള ലിഫ്റ്റ് ഉപയോഗിച്ച് അഗ്നിശമനസേനാംഗങ്ങളെ മുകളിലെത്തിക്കാനുള്ള സൗകര്യമൊരുക്കി. റെയിലിലെ വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെട്രോ അധികൃതര്‍ അഗ്നിശമനസേനാംഗങ്ങളെ അറിയിച്ചിരുന്നു.വലിയ സന്നാഹങ്ങളും ആള്‍ക്കൂട്ടവും കണ്ട പൂച്ച തലങ്ങും വിലങ്ങും ഓടുകയായിരുന്നു.
പൂച്ചയെ ചെറിയ വലയിലാക്കി പുറത്തെടുക്കാനായിരുന്നു ശ്രമം. പൂച്ച താഴേക്ക് ചാടിയാല്‍ സുരക്ഷിതമായി വീഴാനായി താഴെ വലിയ വലയും കെട്ടിയിരുന്നു.
ഈ വലയിലേക്കാണ് പൂച്ച വീണത്. വൈറ്റിലയില്‍ നിന്ന് നഗരത്തിന്റെ ഉള്‍ഭാഗത്തേക്കുള്ള റോഡ് ഗതാഗതം തടഞ്ഞായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇതുമൂലം ഏറെനേരം വൈറ്റില ജങ്ഷനില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."