കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വൈദ്യുതി ഉപഭോഗംപവര്‍ഹൗസുകള്‍ ഷട്ട്ഡൗണ്‍ ചെയ്തത് തിരിച്ചടിയായി
തൊടുപുഴ: ജനുവരി മാസത്തില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞുനില്‍ക്കുമെന്ന കണക്കുകൂട്ടലില്‍ അറ്റകുറ്റപ്പണികള്‍ക്കായി പവര്‍ഹൗസുകള്‍ ഷട്ട്ഡൗണ്‍ ചെയ്തത് കെ.എസ്.ഇ.ബിക്ക് തിരിച്ചടിയായി.
ലോവര്‍ പെരിയാര്‍, നേര്യമംഗലം, പന്നിയാര്‍ പവര്‍ഹൗസുകളില്‍ ഉല്‍പാദനം നിര്‍ത്തിയതോടെ 290.05 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുണ്ടാകുന്നത്. സാധാരണ ജനുവരി മാസത്തില്‍ ശരാശരി 65 ദശലക്ഷം യൂനിറ്റില്‍ നില്‍ക്കാറുള്ള ഉപഭോഗം ഇക്കുറി 70 ദശലക്ഷം യൂനിറ്റിന് മുകളിലാണ്. 2019 ജനുവരി ഒന്നിന് 65.69 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗമെങ്കില്‍ 2020 ജനുവരി ഒന്നിലെ ഉപഭോഗം 73.415 ദശലക്ഷം യൂനിറ്റായിരുന്നു.
72.1658 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ ഉപഭോഗം. ഇതില്‍ 58.4039 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് എത്തിച്ചതാണ്. 13.762 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉല്‍പാദനം.
പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ സാങ്കേതികമായി കെ.എസ്.ഇ.ബി സജ്ജമാണെങ്കിലും വന്‍ സാമ്പത്തിക നഷ്ടമുണ്ടാകും.
പ്രത്യേകിച്ചും സതേണ്‍ ഗ്രിഡില്‍ പീക്ക് ലോഡ് സമയങ്ങളില്‍ വൈദ്യുതി വില കുതിച്ചുയര്‍ന്നിട്ടുണ്ട്.
8.059 രൂപയാണ് കായംകുളം വൈദ്യുതിയുടെ ഇപ്പോഴത്തെ യൂനിറ്റ് വില. പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കഴിയാത്തവിധം സര്‍ക്കാര്‍ സാമ്പത്തികമായി പ്രയാസപ്പെടുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ട്രാഷ് റാക്ക് മാറ്റിസ്ഥാപിക്കാനാണ് 180 മെഗാവാട്ടിന്റെ പദ്ധതി ഷട്ട്ഡൗണ്‍ ചെയ്തത്. നേര്യമംഗലം പവര്‍ ഹൗസില്‍ ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളമാണ് ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ എത്തുന്നത്. ഈ വെള്ളം എത്തുന്നത് തടയാനാണ് 77.65 മെഗാവാട്ടിന്റെ നേര്യമംഗലം പവര്‍ഹൗസ് ഷട്ട്ഡൗണ്‍ ചെയ്തത്. 32.4 മെഗാവാട്ടിന്റെ പന്നിയാര്‍ പവര്‍ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി ആഴ്ചകളായി ഷട്ട്ഡൗണിലാണ്.
വേനല്‍ ശക്തിയാകുന്നതിനും പരീക്ഷാകാലത്തിനും മുന്‍പ് അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ഇ.ബി ജനുവരിയില്‍ പവര്‍ ഹൗസുകള്‍ നിര്‍ത്തിവച്ചത്.
ഇതാണ് ഇപ്പോള്‍ വിനയായത്. സംഭരണശേഷിയുടെ 72 ശതമാനം വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്. 2971.013 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 144.013 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ അധികമായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."