ഗോ എയറിന്റെ മസ്‌കത്ത്, അബൂദബി സര്‍വിസ് ഫെബ്രു. ഒന്നുമുതല്‍
#എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യാ എക്‌സ്പ്രസിനു പുറമെ പ്രദിന രാജ്യാന്തര സര്‍വിസുമായി സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയറും. ഫെബ്രുവരി ഒന്നുമുതല്‍ മസ്‌കത്ത്, അബൂദബി എന്നിവിടങ്ങളിലാണു ഗോ എയര്‍ സര്‍വിസ് നടത്തുക. 180 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാവുന്ന എയര്‍ബസ് 320 വിമാനമാണു രാജ്യാന്തര സര്‍വിസ് നടത്തുക.
കണ്ണൂരില്‍ നിന്നു രാത്രി എട്ടിന് പുറപ്പെട്ട് ഒമാന്‍ സമയം 10.15നാണ് മസ്‌കത്തിലെത്തുക. അവിടെ നിന്ന് പ്രാദേശിക സമയം 11.15ന് പുറപ്പെട്ട് പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും. വൈകിട്ട് 3.30നാണ് അബൂദബി വിമാനം പുറപ്പെടുക. അബൂദബിയില്‍ നിന്നുള്ള വിമാനം പുലര്‍ച്ചെ 3.30ന് കണ്ണൂരിലെത്തും. ടിക്കറ്റ് ബുക്കിങ് അടുത്തദിവസം ആരംഭിക്കും. കണ്ണൂര്‍ വിമാനത്താവളത്തെ കേരളത്തിലെ ഹബ്ബാക്കി മാറ്റിയ ഗോ എയര്‍ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സര്‍വിസ് നടത്തുന്നുണ്ട്. നിലവില്‍ എയര്‍ഇന്ത്യാ എക്‌സ്പ്രസ് മാത്രമാണു കണ്ണൂരില്‍ നിന്നു രാജ്യാന്തര സര്‍വിസ് നടത്തുന്നത്. മസ്‌കത്തിലേക്കു കൂടി സര്‍വിസ് വരുന്നതോടെ അഞ്ചു രാജ്യാന്തര സെക്ടറിലേക്കു കണ്ണൂരില്‍ നിന്നു വിമാനമുണ്ടാകും. അബൂദബി, ഷാര്‍ജ, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കാണ് എയര്‍ഇന്ത്യാ എക്‌സ്പ്രസ് രാജ്യാന്തര സര്‍വിസ് നടത്തുന്നത്.
മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള വിമാനങ്ങളുടെ വേനല്‍ക്കാല ഷെഡ്യൂളില്‍ കണ്ണൂരില്‍ നിന്നു കൊച്ചി, തിരുവനന്തപുരം, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും സര്‍വിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങളാണ് ഈ റൂട്ടുകളിലേക്കു കണ്ണൂരില്‍ നിന്നു ഷെഡ്യൂള്‍ തയാറാക്കിയത്. കണ്ണൂരിലേക്കു കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കാന്‍ കിയാല്‍ അധികൃതര്‍ 21നു തിരുവനന്തപുരത്ത് വിമാനക്കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കും. വിദേശ വിമാന കമ്പനികള്‍ക്കു കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ അനുമതി ലഭിച്ചില്ലെങ്കിലും അവരെക്കൂടി യോഗത്തിനു ക്ഷണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."