ജിദ്ദയില്‍ നിന്നും നഷ്ടപ്പെട്ട പേഴ്‌സ് മലപ്പുറം സ്വദേശിക്ക് തിരിച്ചു കിട്ടിയത് ആന്ധ്രയില്‍ നിന്ന്
ജിദ്ദ: ജിദ്ദയിലെ വിമാനത്താവളത്തിൽ നിന്നു നഷ്ടപ്പെട്ട പേഴ്‌സ് മലപ്പുറം സ്വദേശിക്കു തിരിച്ചു കിട്ടിയത് ആന്ധ്രപ്രദേശിൽ നിന്നും.
ഉംറക്ക് വന്നു തിരിച്ചുപോകുന്നതിനിടെയാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു മലപ്പുറം മൊറയൂർ സ്വദേശി ആറ്റാശ്ശേരി അമീനിന്റെ പഴ്സ് നഷ്ടപ്പെട്ടത്. തുട൪ന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ആന്ധ്രപ്രദേശിലെ കഡപ്പയിൽ നിന്ന് നഷ്ടപ്പെട്ട പഴ്‌സ് തിരിച്ചുകിട്ടിയത് .
ഏറെക്കാലം റാബിഗിൽ ജോലി ചെയ്ത ശേഷം രണ്ടു വർഷം മുമ്പ് ഫൈനൽ എക്‌സിറ്റിൽ പോയതാണ് അമീൻ. കഴിഞ്ഞ മാസം 24 ന് ബന്ധുക്കൾക്കൊപ്പം ഉംറക്കെത്തിയതായിരുന്നു. ഉംറ നിർവഹിച്ച് ഈ മാസം ഏഴിന് കോഴിക്കോട്ടേക്ക് മടങ്ങാനായി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു. രാവിലെ 10 മണിക്ക് സ്‌പൈസ് ജറ്റ് വിമാനത്തിൽ കരിപ്പൂരിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്. ടെർമിനലിലെ ബാത്ത് റൂമിൽ പോയപ്പോൾ പേഴ്‌സ് അവിടെ ചുമരിൽ വെച്ചു.
പിന്നീട് അതെടുക്കാൻ മറന്നു പോയി. സുബ്ഹി നമസ്‌കാരം കഴിഞ്ഞുവന്നു നോക്കിയപ്പോൾ പേഴ്‌സ് കണ്ടില്ല. ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാൽപതിനായിരത്തോളം രൂപയും സ്വർണവും റിയാലുമടക്കം 80,000 ത്തോളം രൂപയുടെ സാധനങ്ങൾ ഈ പഴ്‌സിലുണ്ടായിരുന്നു. തന്റെ കൂടെയുള്ള ബന്ധുക്കൾ സ്ത്രീകളായതിനാൽ അവർ സൂക്ഷിക്കാനായി ഇദ്ദേഹത്തെ ഏൽപിച്ചതായിരുന്നു ഈ പണവും സ്വർണവും.
എല്ലാം നഷ്ടപ്പെട്ട മനോവേദനയിൽ നാട്ടിലേക്ക് മടങ്ങി. അതിനിടെ ഹഫർ അൽ ബാത്തിനിലെ കെ.എം.സി.സി നേതാവ് ബാവ മഞ്ചേശ്വരവുമായി മലയാളികളായ ഫസലുറഹ്മാൻ, നാസർ എന്നിവർ ബന്ധപ്പെടുകയും പേഴ്‌സ് കടപ്പയിലുണ്ടെന്ന വിവരം കൈമാറുകയും ചെയ്തു. ഉംറക്ക് പോയി വന്ന കടപ്പയിലെ ശാഹുൽ ഹമീദ് എന്നയാളുടെ പക്കലാണ് പഴ്‌സുള്ളത്. പഴ്‌സിൽ റാബിഗ് കെ.എം.സി.സിയുടെ തിരിച്ചറിയൽ രേഖയുണ്ടായിരുന്നു. ഈ രേഖയുടെ കോപ്പി ശാഹുൽ ഹമീദ് നാട്ടിലെ സുഹൃത്തായ അമാനുല്ലക്ക് കൈമാറുകയും അമാനുല്ല ഹഫർ അൽബാത്തിനിൽ ജോലി ചെയ്യുന്ന തന്റെ സഹോദരൻ ഇസ്മായിലിനെ അറിയിച്ച് ആളെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഈ വിവരം ഫസലുറഹ്മാനും നാസറും അറിയുന്നത്. ഉടൻ തന്നെ ബാവ മഞ്ചേശ്വരം ഈ വിവരം റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ടു. സിദ്ദീഖ് റാബിഗ്, ജിദ്ദ കെ.എം. സി.സിയുമായി ബന്ധപ്പെട്ട് അമീനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ഇതിനിടെ ഹഫർ അൽബാത്തിനിലെ കടപ്പ സ്വദേശിയായ ഇസ്മായിൽ നാട്ടിലേക്ക് പോവുകയും ചെയ്തു.
പിന്നീട് ഇസ്മായിലിനെ ബന്ധപ്പെട്ട് അമാനുല്ല വഴി ശാഹുൽ ഹമീദുമായി സംസാരിച്ചെങ്കിലും അമീൻ നേരിട്ട് വീട്ടിലെത്തിയാൽ മാത്രമേ ഇത് കൈമാറാനാവൂ എന്നറിയിച്ചു.
കഴിഞ്ഞ ദിവസം ഹൈദരാബാദ് കെ.എം.സി.സിയുടെ സഹായത്തോടെയാണ് അമീൻ ശാഹുൽ ഹമീദിന്റെ വീട് കണ്ടെത്തിയത്. വീട്ടിലെത്തിയ അമീന് അദ്ദേഹം പഴ്‌സ് കൈമാറുകയും ചെയ്തു. ഉംറ കഴിഞ്ഞു തിരിച്ചുപോകുന്നതിനിടെ എയർപോർട്ടിലെ ബാത്ത് റൂമിൽ പോയപ്പോൾ പഴ്‌സ് കാണുകയും ഉടമക്ക് കൈമാറാമെന്ന് കരുതി എടുത്തതാണെന്നും ശാഹുൽ ഹമീദ് പറഞ്ഞു. അതേ സമയം പഴ്സ് തിരിച്ചു കിട്ടിയ സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയില്ലെന്നും അമീൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."