തൊഴിലവസരം, സാമൂഹ്യക്ഷേമം; ഇൻഡ്യ സഖ്യം പ്രകടന പത്രിക പുറത്തിറക്കി
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇൻഡ്യ സഖ്യത്തിന്റെ പ്രകടന പത്രിക പുറത്തിറക്കി. തേജസ്വി പ്രാൻ (തേജസ്വിയുടെ പ്രതിജ്ഞ)എന്ന പേരിലുള്ള പ്രകടന പത്രികയിൽ ബിഹാറിലെ ഓരോ കുടുംബത്തിലുമുള്ള ഒരാൾക്ക് സർക്കാർ ജോലി, സ്ത്രീകൾക്ക് 2,500 രൂപ പ്രതിമാസ അലവൻസ്, ഓരോ വീടിനും 200 യൂനിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങൾ ഇടംപിടിച്ചു.
ഇന്നലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പുറത്തിറക്കിയ സങ്കൽപ് പത്ര-2025ൽ ബിഹാറിന്റെ സമ്പൂർണ വികസനത്തിനായി തേജസ്വിയുടെ പ്രതിജ്ഞ എന്ന പേരിലാണ് പ്രകടന പത്രിക. സാമൂഹ്യ നീതി ഉറപ്പാക്കിയുള്ള സമഗ്രവികസനം, അസമത്വ രഹിതമായ വിഭവ വിതരണം, തൊലിവസരങ്ങൾ സൃഷ്ടിക്കൽ, ഭരണപരിഷ്‌കാരങ്ങൾ എന്നിവയിലൂന്നിയുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. സംസ്ഥാനത്തുടനീളം ഐ.ടി പാർക്കുകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ, കാർഷിക മേഖലയെ നവീകരിക്കാനുള്ള ബൃഹത് പദ്ധതികൾ, ലോകോത്തര സർവകലാശാലകൾ, അഞ്ച് എക്‌സ്പ്രസ് ഹൈവെകൾ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. നീതിഷ് കുമാറിന്റെ ദുർഭരണത്തിൽ നിന്ന് ബിഹാറിനെ മോചിപ്പിച്ച് ഓരേ ബിഹാറുകാരനും അന്തസോടെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് തേജസ്വി യാദവ് പറഞ്ഞു.
കോൺഗ്രസ് നേതാവ് പവൻ ഖേര, വികാസ് ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി, സി.പി.ഐ.എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സി.പി.എം നേതാവ് അവധേഷ് കുമാർ, സി.പി.ഐ നേതാവ് രാം നരേഷ് പാണ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."