കോടികളുടെ തിരിമറി നടത്തിയ നാലുപേര്‍ അറസ്റ്റില്‍
മണിപ്പാല്‍: മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പില്‍ കോടികളുടെ തിരിമറി നടത്തിയ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരും (ഫൈനാന്‍സ്) ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ സന്ദീപ് ഗുരുരാജ്(38),ഇയാളുടെ ഭാര്യ ചാരുസ്മിത(30),മുംബൈ അന്ധേരി സ്വദേശിനി അമൃത ചെങ്ങപ്പ (43),കോറമംഗല സ്വദേശിനി മീര ചെങ്ങപ്പ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മെഡിക്കല്‍ ഗ്രൂപ്പില്‍ 62 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. വിവിധ അക്കൗണ്ടുകളിലേക്കാണ് ഇവര്‍ തുകകള്‍ കൈമാറിയത്. അറസ്റ്റു ചെയ്യപ്പെട്ട അമൃതയുടെ സഹോദരനും ഖത്തര്‍ എയര്‍വെയ്‌സില്‍ പൈലറ്റും ദുബൈയില്‍ താമസക്കാരനുമായ വിശാല്‍ സോമണ്ണക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയതായും ഇയാളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും ബംഗളൂരു സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡി.ദേവരാജ് പറഞ്ഞു. മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ രഞ്ജന്‍പൈ ബംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി സന്ദീപ് മെഡിക്കല്‍ ഗ്രൂപ്പില്‍ ഫൈനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയാണ്. മെഡിക്കല്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ രഞ്ജന്‍ പൈക്ക് കമ്പനിയുടെ പണം ഓണ്‍ലൈന്‍ വഴി കൈമാറുന്നതിനുള്ള അനുമതി ഉണ്ടായിരുന്നു. ഉയര്‍ന്ന തുക ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ബാങ്കില്‍ ചെയര്‍മാന്റെ വോയിസ് കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. രഞ്ജന്‍ പൈയുടെ മൗറീഷ്യസിലുള്ള അക്കൗണ്ടില്‍ നിന്നും 3.5 കോടി രൂപ ദുബൈയിലുള്ള ഒരു കമ്പനിയുടെ അക്കൗണ്ടിലേക്കു വോയിസ് കണ്‍ഫര്‍മേഷന്‍ ഇല്ലാതെ അയച്ചതോടെയാണ് കമ്പനിയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്ന സംഭവത്തിന് വഴിത്തിരിവായത്. തുക കൈമാറുന്നതിന് മുന്‍പ് ചെയര്‍മാന്റെ വോയിസ് കണ്‍ഫര്‍മേഷന്‍ ബാങ്ക് അധികൃതര്‍ ഉറപ്പു വരുത്തുന്നത് തടയാന്‍, ചെയര്‍മാന്‍ വളരെ തിരക്കിലാണെന്നും ബോര്‍ഡ് മീറ്റിങ് നടക്കുകയാണെന്നും പണം ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും വോയിസ് കണ്‍ഫര്‍മേഷന്‍ പിന്നീട് എടുക്കാമെന്നും സന്ദീപ് ബാങ്കിലേക്ക് ഇമെയില്‍ അയച്ചു കൊടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചെയര്‍മാന്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യിച്ചതോടെയാണ് 62 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തിയത്. കബ്ബണ്‍ പാര്‍ക്ക് പൊലിസാണ് നാലുപേരെയും അറസ്റ്റു ചെയ്തത്. വേദാന്ത് ജനറല്‍ ട്രേഡിങ്, എഫ്.സി പ്രൈം മാര്‍ക്കറ്റ്,എ.വി.പ്രൈവറ്റ് ലിമിറ്റഡ് ആന്‍ഡ് പിന്നാക്കള്‍ അസ്സെറ്റ് ഇന്‍വെസ്റ്റ് കമ്പനി തുടങ്ങിയ ദുബൈയിലെ അക്കൗണ്ടിലേക്കാണ് സന്ദീപ് പണം അനധികൃതമായി കൈമാറിയത്. അറസ്റ്റു ചെയ്യപ്പെട്ട അമൃതയുടെ സഹോദരന്‍ വിശാല്‍ സോമണ്ണയുടെ പേരിലാണ് കമ്പനികള്‍ ഉള്ളത്. ഇയാളുടെ ഭാര്യ ചാരുലതയുടെ പേരില്‍ മറ്റൊരു സ്ഥാപനവും ദുബൈയില്‍ പ്രവര്‍ത്തിക്കുന്നതായും പ്രസ്തുത കമ്പനിയിലേക്കും അനധികൃതമായി സന്ദീപ് പണം ട്രാന്‍സ്ഫര്‍ ചെയ്തതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."