'പുതുമയില്ലാത്ത' പുതിയങ്ങാടി ഹര്‍ത്താലായാലും പണിമുടക്കായാലും ഇവിടം അടഞ്ഞുതന്നെ
എടച്ചേരി: പുതിയ അങ്ങാടി എന്നാണ് പേരെങ്കിലും ഏറെ കാലമായി പുതുമയൊന്നും പറയാനില്ല. എടച്ചേരിയിലെ പ്രധാന ടൗണായ പുതിയങ്ങാടിക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത കുറെ കെട്ടിടങ്ങളും കുറച്ച് കച്ചവടക്കാരുമൊഴിച്ചാല്‍ മറ്റൊന്നുമില്ല ഈ അങ്ങാടിക്ക് മോടി കൂട്ടാന്‍.
അത്രയൊന്നും വലുതല്ലാത്ത ടൗണാണെങ്കിലും താഴെ അങ്ങാടി, മേലെ അങ്ങാടി എന്നീ രണ്ടു ഭാഗങ്ങളായാണ് പണ്ടു മുതലേ പുതിയങ്ങാടി അറിയപ്പെടുന്നത്. വിരലിലെണ്ണാവുന്ന കച്ചവട സ്ഥാപനങ്ങള്‍ മാത്രമാണ് ഈ രണ്ടു ഭാഗങ്ങളിലുമായുള്ളത്. മധ്യഭാഗങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. ഈ അടുത്ത് പുതുക്കിപ്പണിത ടൗണ്‍ ജുമ അത്തുപള്ളി ഒഴിച്ചാല്‍ മധ്യഭാഗത്തെ കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലാണ്. പഞ്ചായത്തിലെ തന്നെ മറ്റൊരു ചെറിയ അങ്ങാടിയായിരുന്ന തൊട്ടടുത്ത തലായി ഏറെ പുരോഗമിച്ചപ്പോഴും ആരുടെയൊക്കെയോ ശാപം പേറി യിട്ടെന്നോണം ഈ അങ്ങാടി ഒരേ നില്‍പാണ്. എടച്ചേരിയുടെ മറ്റൊരു ഭാഗമായ ഇരിങ്ങണ്ണൂരിലും അങ്ങാടിയും കച്ചവട സ്ഥാപനങ്ങളും ഇതിനകം പപുരോഗമിച്ചിട്ടുണ്ട്.
എടച്ചേരിയുടെ പ്രധാന കച്ചവടകേന്ദ്രവമാകേണ്ട ഈ ടൗണില്‍ കച്ചവടം കാര്യമായി നടക്കുന്നില്ലെന്നാണ് കടയുടമകള്‍ പറയുന്നത്. തൊട്ടടുത്ത ടൗണുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുള്‍പ്പെടെയുള്ള വലിയ കച്ചവട സ്ഥാപനങ്ങള്‍ വന്നതും പുതിയങ്ങാടിയിലെ വ്യാപാരികള്‍ക്ക് വിനയായി.
അത് കൊണ്ടൊക്കെയാവാം ഏത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ത്താലായാലും, പണി മുടക്കായാലും ഈ അങ്ങാടി പൂര്‍ണമായും അടഞ്ഞു കിടക്കും. ഹര്‍ത്താല്‍ ദിവസം ഒരു അവധി ലഭിക്കുന്ന ആനത്തിലാണ് കടകളിലെ ജോലിക്കാര്‍. തുറന്നു വച്ചിട്ടും വലിയ കാര്യമൊന്നുമില്ലെന്നിരിക്കെ എന്തിന് ഹര്‍ത്താല്‍ അനുകൂലികളെ പിണക്കണമെന്ന് കടയുടമകളും കരുതുമ്പോള്‍ അങ്ങാടി അടഞ്ഞു തന്നെ കിടക്കും.അതെ സമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മുട്ടുങ്ങല്‍-നാദാപുരം റോഡ് വികസനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിലവിലുള്ള പഴകി ദ്രവിച്ച കെട്ടിടങ്ങള്‍ക്ക് പകരം പുതിയ കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും വന്ന് പുതിയങ്ങാടി അക്ഷരാര്‍ഥത്തില്‍ പുതുമ നിറഞ്ഞ അങ്ങാടിയായി മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."