മംഗളൂരുവില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: കൊല്ലപ്പെട്ടവരുടെയും, പരുക്കേറ്റവരുടെയും കുടുംബങ്ങളുടെ അവസ്ഥ ദയനീയം, ജനകീയ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്
മംഗളൂരു: പൗരത്വ ഭേദഗതി ബില്‍ പ്രതിഷേധത്തിനിടെ മംഗളൂരുവിലുണ്ടായ സംഘര്‍ഷവും പൊലിസ് വെടിവെപ്പും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധമായി അന്വേഷണം നടത്തിയ ജനതാ ന്യായാലയ സംഘമാണ് 32 പേജുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. സുപ്രിം കോടതി റിട്ട: ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തില്‍ കര്‍ണാടക ഹൈക്കോടതി ഗവ.അഭിഭാഷകന്‍ വി.ടി.വെങ്കടേഷ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സുഗത ശ്രീനിവാസ എന്നിവരടങ്ങിയ സംഘമാണ് ഡിസംബര്‍ 19നു മംഗളൂരുവില്‍ നടന്ന പൊലിസ് നരനായാട്ട് സംബന്ധിച്ചു അനേഷണം നടത്തി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഡിസംബര്‍ 19നു മംഗളൂരുവില്‍ 144 പ്രഖ്യാപിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവ ദിവസം പ്രതിഷേധ പ്രകടനം നടത്തുന്നതിന് വേണ്ടി പൊലിസ് മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പെടുന്നനെ 144 പ്രഖ്യാപിച്ച പൊലിസ് കമ്മിഷണര്‍ ഇത് യഥാ സമയം ജനങ്ങളെ അറിയിച്ചില്ല. ഇതറിയാതെയാണ് മുന്‍കൂട്ടി ലഭിച്ച അനുമതി പ്രകാരം ആളുകള്‍ പ്രതിഷേധവുമായി നഗരത്തിലെത്തിയത്. അതെസമയം പ്രകടനം നടത്തിയവരുടെ ഭാഗത്തു നിന്നും യാതൊരുവിധ പ്രകോപനങ്ങളും ഇല്ലാതെ വന്നതോടെ അവരെ നിയന്ത്രിക്കുന്നതിന് പകരം പൊലിസുകാര്‍ പ്രകടനം നടത്തിയവരെ ചീത്ത വിളിച്ചും പ്രകോപനം ഉണ്ടാക്കുന്ന തരത്തില്‍ വാക്കുകള്‍ പ്രയോഗിച്ചും സംഘര്‍ഷ സാധ്യത ഉണ്ടാക്കിയതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബന്ദര്‍ പൊലിസ് സ്റ്റേഷന്‍.എം.എം കിനി റൈഫിള്‍സ് ഷോപ് എന്നിവ അക്രമിച്ചുവെന്ന പൊലിസ് വാദം ആസ്ഥാനത്താണെന്നും ഇതുമായി ബന്ധപ്പെട്ട സി.സി.ടി.വി.ദൃശ്യങ്ങള്‍ പൊലിസ് നല്‍കിയില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നഗരത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി അനുമതിയില്ലാതെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും വെടിവെപ്പ് നടത്തി രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തതിനു പുറമെ നഗരത്തിലെ ആശുപത്രിയില്‍ ഓടിക്കയറി ആവശ്യമില്ലാതെ പൊലിസ് അക്രമം നടത്തി ടിയര്‍ ഗ്യാസ് പൊട്ടിക്കുകയും ചെയ്തു. ആശുപത്രിയില്‍ പൊലിസ് നടത്തിയ അക്രമം എന്തിനായിരുന്നുവെന്നു വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയില്‍ കയറി പൊലിസ് വിളയാട്ടം നടത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമിതിക്കു ലഭിച്ചിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീല്‍, നൗഷീന്‍ എന്നിവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇതിന് പുറമെ പൊലിസ് നായാട്ടില്‍ പരുക്കേറ്റവരുടെ കുടുംബങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല. മംഗളൂരു പൊലിസ് നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇരയാക്കപ്പെട്ടവര്‍ക്കു അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
സംഭവം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയാലേ സത്യാവസ്ഥ പുറത്തു വരുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലവും, ആശുപത്രികളും, കൊല്ലപ്പെട്ടവരുടെയും,പരുക്കേറ്റവരുടെയും വീടുകളും, ബന്ദര്‍ പൊലിസ് സ്റ്റേഷന്‍, എം.എം.കിനി റൈഫിള്‍സ് ഷോപ് ഉള്‍പ്പെടെ സന്ദര്‍ശിച്ച ശേഷം പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."