കനത്ത വരള്‍ച്ച: പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
പൊന്നാനി: കനത്ത വരള്‍ച്ചയില്‍ ഭാരതപ്പുഴ വറ്റി വരണ്ടതോടെ പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. പൊന്നാനി താലൂക്കിലെ ആറോളം പഞ്ചായത്തുകളിലും തിരൂര്‍ താലൂക്കിലെ നാലോളം പഞ്ചായത്തുകളിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. മേഖലയിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന കുറ്റിപ്പുറം തൃക്കണാപുരം ഡാനിഡ പദ്ധതിയില്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. ദിവസവും 20 മണിക്കൂര്‍ പമ്പിങ് നടന്നിരുന്ന ഇവിടെ ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് പമ്പിങ് നടക്കുന്നത്. ഭാരതപ്പുഴയിലെ നീര്‍ച്ചാലുകളിലും കിണറുകളിലും വെള്ളമില്ലാത്തതാണ് ഇതിനു കാരണം.
ചരിത്രത്തിലില്ലാത്ത കടുത്ത ജലക്ഷാമമാണ് ഭാരതപ്പുഴ നേരിടുന്നതെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്. മൂന്ന് കിണറുകളില്‍ നിന്നാണ് പ്രധാനമായും ഇവിടെ പമ്പിങ് നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി അടിക്കാനുള്ള വെള്ളം മാത്രമാണ് ഇവിടെയുള്ളത്. തടയണകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും നീര്‍ച്ചാലുകളില്‍ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ് .
തിരൂര്‍ ഭാഗത്തേക്ക് വെള്ളമെത്തിക്കുന്ന തിരുനാവായയിലെ വിവിധ ജലപദ്ധതികളിലും പമ്പിങ് ചെയ്യാനാവശ്യമായ വെള്ളമില്ല . ഓരോ ദിവസം കഴിയും തോറും പുഴയിലെ നീരൊഴുക്ക് കുറഞ്ഞുവരികയാണ്. മലമ്പുഴ ഡാം തുറന്നാല്‍ മാത്രമേ ജില്ലയിലെ ജലക്ഷാമത്തിന് പരിഹാരമാകൂ എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കംബ്രിഡ്ജ് ഉള്ളതിനാല്‍ തൃത്താല വരെ ഒരു പരിധിവരെ ജലക്ഷാമത്തിന് പരിഹാരമുണ്ട്. എന്നാല്‍ ചമ്രവട്ടം ജലസംഭരണിയില്‍ ജലം സംഭരിക്കാനാകാത്തത് പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ ജലക്ഷാമം രൂക്ഷമാകാന്‍ ഇടയാക്കിയത്. വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ജില്ല കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."