ഇന്ത്യ-ആസ്ത്രേലിയ മത്സരത്തില്‍ വാതുവയ്പ്; 11 പേര് പിടിയില്‍
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ആസ്ത്രേലിയ മൂന്നാം ഏകദിനത്തില്‍ വാതുവയ്പ് നടത്തിയ സംഘം ഡല്‍ഹി ക്രൈബ്രാഞ്ചിന്റെ പിടിയില്‍. വിവിധ സംസ്ഥാനങ്ങളിലായി കണ്ണികളുള്ള വന്‍ സംഘമാണ് പിടിയിലായത്. അമിത് അറോറ, അനുജ് അറോറ, റിതേഷ് ബന്‍സല്‍, അന്‍സുല്‍ ബന്‍സല്‍, നവീന്‍ കുമാര്‍, രോഹിത് ശര്‍മ, റിതേഷ് അഗര്‍വാള്‍, രോഹിത് റസ്തോഗി, അമന് ഗുപ്ത, അന്‍കുശ് ബന്‍സാല്‍, അനുരാഗ് അഗര്‍വാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഡല്‍ഹിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മത്സരം നടക്കുന്നതിനിടെ കര്ക്കര്ദുമയിലെ ഒരു വീട്ടില്‍ ഡല്‍ഹി ക്രൈം ബ്രാഞ്ചിലെ ഉന്നത ഉദ്യേഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.
അഞ്ചു കോടി രൂപയുടെ വാതുവയ്പ് ഇവര്‍ നടത്തിയതായി പൊലിസ് പറഞ്ഞു. ഇത് ബംഗളുരു ഏകദിനത്തിന്റെ പേരിലാണെന്നും ഇവരെ ചേദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്പ് വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവരില്‍ നിന്നും 70 മൊബൈല്‍ ഫോണുകളും രണ്ട് ടിവിയും ഏഴ് ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി 72ഓളം പേര് ഇവരുടെ സംഘത്തിലുള്ളതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."