പണിമുടക്കില്‍ പെരുവഴിയിലായവരെ വയറുനിറയെ ഊട്ടി സംയുക്ത യൂനിയന്‍
പയ്യന്നൂര്‍: ട്രേഡ് യൂനിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ പെരുവഴിയിലായ ലോറി ഡ്രൈവര്‍മാരടക്കമുള്ളവര്‍ക്ക് പയ്യന്നൂരില്‍ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണംചെയ്തു. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം ചരക്കുമായി പോകുന്ന വാഹന ഡ്രൈവര്‍മാരും അവരുടെ സഹായികളും. ഇവര്‍ക്ക് പലപ്പോഴും ഭക്ഷണം പോലും ലഭിക്കാറില്ല. പയ്യന്നൂരില്‍ അകപ്പെട്ട മുഴുവന്‍ ലോറി ഡ്രൈവര്‍, ക്ലീനര്‍, സഹായികള്‍ എന്നിവര്‍ക്കെല്ലാം പണിമുടക്കിന് ആഹ്വാനംചെയ്ത ട്രേഡ് യൂനിയനുകള്‍ തന്നെ ആഹാരം വിതരണം ചെയ്തപ്പോള്‍ അതു വേറിട്ട കാഴ്ചയായി. രാവിലെ ചായയും ഉപ്പ്മാവും വിതരണത്തിനായി നേതാക്കളും തൊഴിലാളികളും. വാഹനത്തില്‍ ഉറങ്ങിപ്പോയവര്‍ക്ക് ആഹാരം അവിടെ എത്തിക്കാനും ഇവര്‍ മറന്നില്ല. ഉച്ചയ്ക്ക് സാമ്പാറും ചോറും അച്ചാറും ഊണിനായി വിളമ്പി. സി. കൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം. റോഡില്‍ ഇലയിട്ട് തൊഴിലാളികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ നേതാക്കളും ഒപ്പംചേര്‍ന്നു. തങ്ങളുടെ സമരം കാരണം ഒരു ബുദ്ധിമുട്ടും തൊഴിലാളികള്‍ക്ക് ഉണ്ടാവാതിരിക്കാനാണ് ഭക്ഷണവിതരണം നടത്തിയതെന്നു നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."