ലോണ്‍ ഇടപാടില്‍ വഞ്ചന: മധ്യവര്‍ത്തിയുടെ വീട്ടില്‍ കുത്തിയിരിപ്പ് തുടങ്ങി
ബാലുശ്ശേരി: ബാങ്കില്‍നിന്നും ഉപഭോക്താവിന് ലോണെടുത്ത് കൊടുത്ത് വന്‍ തുക കൈപ്പറ്റിയ മധ്യവര്‍ത്തിയുടെ വീട്ടില്‍ ലോണെടുത്ത് കുടുങ്ങിയവര്‍ കുത്തിയിരിപ്പ് സത്യഗ്രഹം തുടങ്ങി. സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ വെസ്റ്റ് ഇയ്യാട് സദാനന്ദന്റെ വീട്ടിലാണ് നാല് കുടുംബങ്ങള്‍ അനിശ്ചിതകാല സത്യഗ്രഹത്തിന് തുടക്കമിട്ടത്.
നന്മണ്ട പന്ത്രണ്ടാം മൈല്‍ മാത്തോട്ടത്തില്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ നസീറ,എഴുകുളം ആലയുള്ളതില്‍ ജനാര്‍ദ്ദനന്‍, വെസ്റ്റ് ഇയ്യാട് ചാത്തോത്ത് ബാലന്‍, നന്മണ്ട കുന്നുമ്മല്‍ ചന്ദ്രന്‍ എന്നിവരാണ് ആരോപണവുമായി വന്ന്് സത്യഗ്രഹമിരിക്കുന്നത്.
ആവശ്യക്കാര്‍ക്ക് ബാങ്കില്‍നിന്നും ലോണ്‍ തരപ്പെടുത്തി കൊടുത്ത് അതിന്റെ വലിയൊരു പങ്ക് സ്വന്തമാക്കിയതിനുശേഷം തിരിച്ചു നല്‍കിയില്ലെന്നാണ് ഇയാളുടെ പേരിലുള്ള ആരോപണം. നാട്ടിലുള്ള പലരുടെയും സാമ്പത്തിക സ്ഥിതി മനസിലാക്കി അവരുടെ ആവശ്യം നിറവേറ്റുന്നതിന് ലോണ്‍ ശരിയാക്കിതരാമെന്ന മട്ടിലാണ് ഇടപാടുകാരെ സമീപിക്കുക.
അപേക്ഷ കൊടുത്ത് കഴിഞ്ഞ് ഉപഭോക്താക്കളാവശ്യപ്പെടുന്നതിനേക്കാള്‍ ലക്ഷങ്ങള്‍ കൂട്ടിയാണ് ലോണ്‍ പാസാക്കിയെടുക്കാറ്. ലോണ്‍ ലഭിക്കാറാവുമ്പോള്‍ ഇയാള്‍ ചില നിബന്ധനകള്‍ മുന്നോട്ട് വെക്കും.
40 ലക്ഷം പാസായ ലോണില്‍ നിന്നും 25 ലക്ഷം രൂപ തനിക്ക് നല്‍കുന്ന പക്ഷം ലോണ്‍ കാലാവധി കഴിയുമ്പോഴേക്കും നിങ്ങള്‍ കൈപ്പറ്റിയ തുക അടച്ചാല്‍ മതിയെന്നും കൂടുതല്‍ ഞാനല്ലേ കൈപ്പറ്റിയത് അതിനാല്‍ പലിശ സഹിതം ഞാന്‍ തന്നെ അടയ്ക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് ഇയാള്‍ ഉപഭോക്താവിനെ കയ്യിലെടുക്കുന്നത്.
ഇടപാടുകാര്‍ക്കാവട്ടെ ഗത്യന്തരമില്ലാത്തതിനാല്‍ ഇയാളുടെ ചതിക്കുഴിയില്‍ അകപ്പെടുകയായിരുന്നു. നന്മണ്ട മാത്തോട്ടത്തില്‍ അബ്ദുള്‍ലത്തീഫ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി ബിസിനസ് തുടങ്ങുന്നതിനായി ശ്രമിക്കുമ്പോഴാണ് സദാനന്ദന്‍ ലോണ്‍ശരിയാക്കിതരാമെന്ന് വാഗ്ദാനം നല്‍കിയത്. തത്ക്കാലം ഒരു 15 ലക്ഷം കിട്ടിയാല്‍ മതിയെന്ന മോഹം സദാനന്ദനോട് പറഞ്ഞപ്പോള്‍ ശരിയാക്കിതരാമെന്നും എന്നാല്‍ തത്ക്കാലം 25 ലക്ഷം തന്നെയും സഹായിക്കണമെന്നും താങ്കള്‍ ഒരു പൈസയും അടയ്‌ക്കേണ്ടതില്ല. ബിസിനസ്സൊക്കെ പച്ചപിടിച്ചതിന് ശേഷം തിരിച്ചടച്ചാല്‍ മതിയെന്നുമായിരുന്നു വാഗ്ദാനം. വീടും പുരയിടവും ജാമ്യം വെച്ച് എടുത്ത ലോണ്‍ കുടിശ്ശികയായപ്പോഴാണ് ഇതിന്റെ ഗൗരവം ലത്തീഫ് മനസിലാക്കുന്നത്.
പിന്നീടാണ് ഇതേപോലെ നിരവധിയാളുകള്‍ കുടുങ്ങിയ കാര്യം ലത്തീഫ് മനസിലാക്കുന്നത്. ഏഴുകുളം ആലയുള്ളതില്‍ ജനാര്‍ദ്ദനന്‍് 15 ലക്ഷം ലോണെടുത്തതില്‍ 9 ലക്ഷം സദാനന്ദന് നല്‍കിയത്രെ. ഇതും അടവ് തെറ്റി 25 ലക്ഷം രൂപയായി ബാങ്കില്‍ നിന്നും നിയമനടപടി വന്നപ്പോഴാണ് ഇത്രയും കാലം പണമൊന്നും അടച്ചിട്ടില്ലെന്ന് അറിയുന്നത്. അയല്‍വാസിയും അകന്ന ബന്ധുവും നിരക്ഷരനും നിര്‍ധനനുമായ ചാത്തോത്ത് ബാലനെന്ന വയോധികന്‍ സദാനന്ദന്‍ പറഞ്ഞ പേപ്പറിലൊക്കെ ഒപ്പിട്ടുകൊടുക്കുകയായിരുന്നു.
അവസാനം ബാങ്കില്‍ നിന്നും നോട്ടീസ് വന്നപ്പോഴാണ് 26 ലക്ഷം രൂപ കടക്കാരനാണെന്ന് അറിയുന്നത്. കന്നുപൂട്ടുകാരനായ ബാലന്റെ കയ്യില്‍ കിട്ടിയതാവട്ടെ വെറും ഒന്നേമുക്കാല്‍ ലക്ഷം രൂപയും. നന്മണ്ട സ്വദേശിയായ കുന്നുമ്മല്‍ ചന്ദ്രന് 20 ലക്ഷത്തിന്റെ ബാധ്യതയാണ് വന്നുചേര്‍ന്നിരിക്കുന്നത്. ചന്ദ്രനും തുച്ഛമായ തുകയെ കൈപ്പറ്റിയിട്ടുള്ളുവെന്നും പറഞ്ഞു.
ബാങ്ക് കടങ്ങള്‍ക്ക് തക്കതായ മാര്‍ഗ്ഗം കാണുന്നതുവരെ സദാനന്ദന്റെ വീട്ടില്‍ തന്നെ താമസിക്കുവാനാണ് കബളിക്കപ്പെട്ടവരുടെ തീരുമാനം. അതിന് ആക്ഷന്‍ കമ്മിറ്റിയുടെ പിന്തുണയും ഇവര്‍ക്കുണ്ട്. ഇന്നലെ രാവിലെ വീട്ടില്‍നിന്നും അപ്രത്യക്ഷനായ സദാനന്ദന്‍ രാത്രിയായിട്ടും തിരിച്ചെത്തിയിട്ടില്ല. ഉന്നത പോലിസ് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും തീരുമാനിച്ചിരിക്കുകായാണ് സത്യാഗ്രഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."