സമരവീര്യമുണര്‍ത്തി ബധിര അസോസിയേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച്
തിരുവനന്തപുരം: നിശ്ശബ്ദതയിലും അതിതീവ്രമായ സമരവീര്യമുണര്‍ത്തി ബധിര അസോസിയേഷന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്.
തങ്ങളുടെ ആവശ്യങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താന്‍ സെക്രട്ടേറിയറ്റിനു മുന്നിലെ തൊണ്ടപൊട്ടുന്ന മുദ്രാവാക്യങ്ങളും ശബ്ദകോലാഹലങ്ങളും വേണ്ട, പകരം ഉള്‍ക്കരുത്തുള്ള സമരവീര്യം മതിയെന്നു തെളിയിക്കുന്നതായിരുന്നു ഇന്നലെ രാവിലെ അഖില കേരള ബധിര അസോസിയേഷന്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി നടത്തിയ മാര്‍ച്ചിലെ കാഴ്ചകള്‍. സമരത്തെ അഭിവാദ്യം ചെയ്തു നേതാക്കള്‍ ആംഗ്യഭാഷയിലൂടെ പ്രസംഗിച്ചപ്പോള്‍ ആവേശത്തിന്റെ വിദ്യുത്പ്രവാഹം ഏറ്റുവാങ്ങിയ പോലെയായി അണികള്‍.
അവര്‍ കൈയടിക്കുകയും പ്രത്യഭിവാദ്യമര്‍പ്പിക്കുകയും ആംഗ്യഭാഷയില്‍ മുദ്രാവാക്യങ്ങളും അവകാശങ്ങളും ഏറ്റുവിളിക്കുകയും ചെയ്തു.
തങ്ങളുടെ സമരത്തിന്റെ കാര്യകാരണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യക്തമാക്കുന്നതിന് പ്രത്യേകം ആളുകളെയും നിയോഗിച്ചിരുന്നു. അവര്‍ ആംഗ്യഭാഷയിലെ പ്രസംഗങ്ങള്‍ സംസാരഭാഷയിലേക്കു മാറ്റി. ദേശീയ ഭിന്നശേഷി സംരക്ഷണ നിയമം സംസ്ഥാനത്ത് ഉടന്‍ നടപ്പിലാക്കുക, ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരീക്ഷകളില്‍ നല്‍കിവന്ന ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ച നടപടി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വി.എ യൂസഫ്, പ്രസിഡന്റ് എ. ഷണ്‍മുഖം, മറ്റു നേതാക്കളായ എന്‍. വിജയകുമാര്‍, മുജീബ് റഹ്മാന്‍, ഉണ്ണികൃഷ്ണന്‍, ടി. അമീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."