സംവരണ ബില്‍ തയ്യാറാക്കിയത് ഒറ്റ ദിവസം കൊണ്ട്; കാബിനറ്റ് മന്ത്രിമാര്‍ പോലും അറിയാതെ രഹസ്യമാക്കി വച്ചു
ന്യൂഡല്‍ഹി: മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയുള്ള വിവാദ ബില്‍ തയ്യാറാക്കിയത് വെറും ഒരു ദിവസമെടുത്ത്. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ് ബില്‍ തയ്യാറാക്കിയത്. പിന്നീട് കാബിനറ്റ് മന്ത്രിമാര്‍ക്കു പോലും കാണിക്കാതെ അതീവ രഹസ്യമാക്കി വയ്ക്കുകയും ചെയ്തു.
തിങ്കളാഴ്ചയാണ് മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടി മന്ത്രാലയം കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. ഈ കാബിനറ്റ് നോട്ടുപോലും കാബിനറ്റ് മന്ത്രിമാര്‍ക്കിടയില്‍ വിതരണം ചെയ്തില്ലെന്ന് ഉന്നതനായ ഒരു മന്ത്രിയെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
''ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നില്ല. ഉന്നത തലങ്ങളിലാണ് തീരുമാനം കൈക്കൊണ്ടത്. പിന്നീട് മന്ത്രാലയത്തോട് ബില്ല് തയ്യാറാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു''- മന്ത്രി പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രിസഭ അംഗീകരിച്ച ബില്ലിനെ ചൊവ്വാഴ്ച രാവിലെ വരെ നിയമ മന്ത്രാലയം എതിര്‍ത്തു. സവര്‍ണ വോട്ടുകള്‍ മാത്രമായിരുന്നില്ല ബില്ല് അവതരിപ്പിക്കുന്നതിലൂടെ മോദി സര്‍ക്കാര്‍ മുന്നില്‍ക്കണ്ടത്, പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ കുഴക്കുക കൂടിയായിരുന്നു.
ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയതും ഇതുപോലെയായിരുന്നു. ബില്ല് അംഗങ്ങള്‍ക്കിടയില്‍ മുന്‍കൂട്ടി വിതരണം ചെയ്യുകയുണ്ടായില്ലെന്ന് വലിയ ആക്ഷേപം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."