ഗഗന്യാന് മുന്‍പ് രണ്ട് ആളില്ലാ പര്യവേഷണങ്ങള്‍
ബംഗളൂരു: 2022ലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ 'മനുഷ്യയാത്ര' ക്ക് മുന്നോടിയായി രണ്ടു ആളില്ലാ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കാന്‍ ഐ.എസ്.ആര്.ഒ. ഗഗന്യാന് മുന്നോടിയായുള്ള പരീക്ഷണ ദൗത്യമെന്ന നിലക്കാണ് 2020 ഡിസംബറിലും 2021 ജൂണിലും ആളില്ലാ ദൗത്യത്തിന് ഇസ്രോ തയ്യാറെടുക്കുന്നത്. ബംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിലാണ് ചെയര്മാന് കെ.ശിവന് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഗഗന്യാന് മുന്നോടിയായുള്ള ഇരട്ട പര്യവേഷണങ്ങള്‍ക്കു പുറമെ ബഹിരാകാശത്ത് പുതിയ നിലയം സ്ഥാപിച്ച് അവിടെ മനുഷ്യസാന്നിധ്യം സുസ്ഥിരമാക്കാനുള്ള നടപടികളും ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2022ലെ 'മനുഷ്യയാത്ര'യുമായി ബന്ധപ്പെട്ട് നാസയുമായും മറ്റിതര ബഹിരാകാശ ഏജന്‍സികളുമായും സഹകരിക്കും. ഗഗന്യാന് ഇന്ത്യയുടെ ഗ്രഹാന്തര പര്യവേഷണങ്ങള്‍ക്കു കരുത്തേകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ഡിസംബറിലെ ആദ്യത്തെ ആളില്ലാ പര്യവേഷണത്തില്‍ മനുഷ്യന് പകരം പറഞ്ഞയക്കുന്ന സ്ത്രീ ഹ്യൂമനോയ്ഡിനെയും ഇസ്രോ ചടങ്ങില്‍ പരിചയപ്പെടുത്തി. 'വ്യോമമിത്ര' എന്ന് നാമകരണം ചെയ്യപ്പെട്ട ഈ റോബോര്‍ട്ട് കാഴ്ചയില്‍ മനുഷ്യനെപ്പോലെയാണ്. മനുഷ്യന്റേതായ ഒട്ടുമിക്ക ശാരീരിക ചലനങ്ങളും സാധ്യമാകുന്ന വ്യോമമിത്ര, ബഹിരാകാശ യാത്രികരുമായുള്ള മിഷന് സഹായകമാകുന്ന പല സുപ്രധാന വിവരങ്ങളു ം ഐ.എസ്.ആര്.ഒക്ക് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."