പത്ത് ലക്ഷത്തിന്റെ തിളക്കത്തില്‍ പൊലിസിന്റെ ഫേസ്ബുക്ക് പേജ്
കൊച്ചി: 10 ലക്ഷം ലൈക്ക് നേടി ചരിത്രം കുറിച്ച് കേരള പൊലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ന്യൂയോര്‍ക്ക് പൊലിസിന്റെ പേജിനെ കടത്തിവെട്ടിയാണു കേരള പൊലിസ് ഒരു മില്ല്യന്‍ എന്ന മാന്ത്രിക സംഖ്യ കടന്നത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ഇന്ന് വൈകുന്നേരം പൊലിസ് ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവി സത്യയാദവ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും.
ഈ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച പൊലിസിന്റെ ഫേസ്ബുക്ക് പേജിനു പിന്നിലുള്ള ഉദ്യോഗസ്ഥരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്നു സുരക്ഷിതമായ യാത്രയെക്കുറിച്ചു റെയില്‍വേ പൊലിസ് തയാറാക്കിയ ബോധവല്‍ക്കരണ ഹ്രസ്വചിത്രത്തിന്റെ സി.ഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സമൂഹമാധ്യമങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും മുന്നറിയിപ്പുകളും മറ്റും നല്‍കാനാണ് കേരള പൊലിസ് ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. പേജില്‍ ട്രോളുകളുടെയും വിഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിച്ച ആശയങ്ങള്‍ വന്‍ ഹിറ്റായതോടെയാണു ലോകോത്തര പൊലിസ് ഫേസ്ബുക്ക് പേജുകളെ പിന്നിലാക്കി കേരള പൊലിസ് നേട്ടം കൊയ്യുന്നത്.
ട്രോളുകളും ബോധവല്‍ക്കരണവുമായി പൊതുജനങ്ങളുമായി ക്രിയാത്മകമായി സംവാദിക്കുന്ന കേരള പൊലിസിന്റെ രീതിയും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന ജനപിന്തുണയും പഠിക്കാന്‍ സോഫ്റ്റ്‌വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."