സംവരണം ദാരിദ്ര്യനിര്‍മാര്‍ജന പരിപാടിയല്ല: ഇ.ടി
ന്യൂഡല്‍ഹി: സംവരണം ദാരിദ്ര്യനിര്‍മാര്‍ജന പരിപാടിയല്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. നാടിന്റെ വിഭവശേഷി പങ്കുവയ്ക്കുന്നതിനും ഭരണപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ പ്രാപ്തമാക്കാനുതകുന്ന നടപടിയായി ഭരണഘടനയില്‍ കൊണ്ടുവന്ന തത്വമാണ് സംവരണം. സംവരണം സാമൂഹ്യനീതി ഉറപ്പാക്കാനുള്ളതാണ്.
മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് പ്രശ്‌നങ്ങളില്ലെന്ന് മുസ്‌ലിം ലീഗ് പറയുന്നില്ല. സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കൊണ്ടുവരിക വഴി സംവരണത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അട്ടിമറിക്കുകയാണ്. വിദ്യാഭ്യാസം, തൊഴില്‍ പങ്കാളിത്തം എന്നിവയിലെല്ലാം ദശാബ്ദങ്ങളായി തുടരുന്ന പിന്നാക്കാവസ്ഥ കൂടുതല്‍ ശോചനീയമായിക്കൊണ്ടിരിക്കുകയാണെന്നത് സത്യമാണ്. തൊഴില്‍ പങ്കാളിത്തം, വിദ്യാഭ്യാസ വളര്‍ച്ച എന്നിവയെല്ലാം സത്യസന്ധമായി വിലയിരുത്തിയാല്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും മുന്നാക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ വലിയ അന്തരമുണ്ട്. 10 ശതമാനം കൂടി സംവരണ ക്വാട്ടയില്‍ കൊണ്ടുവരുമ്പോള്‍ ഈ അന്തരം വലുതാകുമെന്ന് മാത്രമല്ല, പൊതുവിഭാഗത്തിലെ 50 ശതമാനത്തിലെ പത്ത് ശതമാനം അവസരം കൂടി പിന്നാക്കക്കാര്‍ക്ക് ഇല്ലാതാവുകയും ചെയ്യും. മണ്ഡല്‍- ബാബരി മസ്ജിദ് പ്രശ്‌നങ്ങളുടെ മുറിവുകളും വിദ്വേഷവും പുരണ്ടുകിടക്കുന്ന മണ്ണില്‍ വിഷവിത്തുകള്‍ വിതക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
നാലര വര്‍ഷക്കാലത്തെ ഭരണപരാജയം മറച്ചുവയ്ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ വൈകാരിക പ്രശ്‌നങ്ങളെ കുത്തിപ്പൊക്കുകയാണ്. ശീതകാല സമ്മേളനത്തില്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലും സംവരണ ബില്ലുമൊക്കെ രാജ്യത്തിന് ഒട്ടും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല അവ അപകടങ്ങളും അനൈക്യവും ക്ഷണിച്ചുവരുത്തുന്നതുമാണ്. ലീഗ് ഈ കാര്യങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സങ്കീര്‍ണമായ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.
മുസ്‌ലിം വ്യക്തിനിയമം, സംവരണം എന്നീ കാര്യങ്ങളില്‍ മുസ്‌ലിംലീഗ് വിട്ടുവീഴ്ച ചെയ്യില്ല. അവയുടെ സംരക്ഷണത്തിനുവേണ്ടി സമാന ചിന്താഗതിക്കാരുമായി യോജിച്ച് ശക്തമായ നിലപാട് കൈകൊള്ളുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."