പുതിയ അധ്യയന വര്‍ഷം ജില്ലയില്‍ 9,487 നവാഗതര്‍
കല്‍പ്പറ്റ: ജില്ലയില്‍ ഈ വര്‍ഷം 9487 കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. സര്‍ക്കാര്‍ സ്‌കൂളില്‍ 4,331 പേരും എയ്ഡഡ് സ്‌കൂളില്‍ 4,227 പേരും അണ്‍എയ്ഡഡ് സ്‌കൂളില്‍ 929 പേരുമാണ് പ്രവേശനം നേടിയത്.
പട്ടികജാതി വിഭാഗത്തില്‍ 466 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ 2,584 പേരും സ്‌കൂളിലെത്തി. ആറ് അധ്യയനദിനം പിന്നിട്ടപ്പോള്‍ വിദ്യാഭ്യാസവകുപ്പ് ശേഖരിച്ച കണക്കുകളാണിത്. ഒന്ന് മുതല്‍ 10വരെ ക്ലാസുകളിലായി 1,12,082 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പഠിക്കുന്നത്. കഴിഞ്ഞവര്‍ഷം 1,13,972 വിദ്യാര്‍ഥികളാണ് ജില്ലയിലെ വിവിധ സ്‌കൂളുകളിലുണ്ടായിരുന്നത്. 2015-16 വര്‍ഷം 9756 കുട്ടികളാണ് ഒന്നാംക്ലാസ് പ്രവേശനം നേടിയത്. ഈ വര്‍ഷം 269 കുട്ടികളുടെ കുറവുണ്ടായി.എന്നാല്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍ കുറവ് ഇല്ല. പട്ടികജാതി വിഭാഗത്തില്‍ ഈ വര്‍ഷം 11 കുട്ടികള്‍ കൂടുതലായി ഒന്നാം ക്ലാസ് പ്രവേശനം നേടിയപ്പോള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് കുട്ടികളുടെ കുറവുണ്ടായി.
ഈ അധ്യയനവര്‍ഷം രണ്ടാംക്ലാസില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 148 കുട്ടികള്‍ കൂടതലായുണ്ട്. 9,681 കുട്ടികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 9,829 കുട്ടികള്‍ ക്ലാസുകളിലെത്തി. ഇതില്‍ തന്നെ പട്ടികജാതി വിഭാഗത്തില്‍ 47 കുട്ടികളാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുടുതലായി രണ്ടാംക്ലാസില്‍ ഉള്ളത്. അഞ്ചാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 171 കുട്ടികള്‍ അധികമായെത്തി. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ്, എട്ട് ക്ലാസുകളിലാണ് വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞത്. അതേസമയം രണ്ട്, അഞ്ച്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം കൊഴിഞ്ഞുപോക്ക് പട്ടികജാതി, വര്‍ഗ വിഭാഗത്തെ കാര്യമായി ബാധിക്കാതിരുന്നത് പ്രതീക്ഷ നല്‍കുന്നതാണ്.
പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വിദ്യാഭ്യാസവകുപ്പ് 'ഗോത്രവിദ്യ' പദ്ധതി നടപ്പാക്കിവരികയാണ്. വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, എസ്.എസ്.എ., പൊലീസ്, സാമൂഹിക നീതി വകുപ്പ്, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ഡയറ്റ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വൈദ്യുതി, കുടിവെള്ളം, ശുചീകരണ സംവിധാനങ്ങളുടെ അപര്യാപ്തത, തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.
പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഓരോ സ്‌കൂളിലും അധ്യാപകരായി നിയമിക്കുന്നതിനുള്ള നടപടികളെടുക്കും. കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ തുടര്‍പഠനം ഉറപ്പ് വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."