ദേശീയ നാടോടി കലാസംഗമത്തിന് തിരി തെളിഞ്ഞു
തിരുവനന്തപുരം: യുവജനക്ഷേമ ബോര്‍ഡ്, ഭാരത് ഭവന്റെയും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആദ്യത്തെ ദേശീയ നാടോടി കലാസംഗമത്തിന് തിരി തെളിഞ്ഞു. നിശാഗന്ധിയില്‍ മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
പേരിന്റെ പേരിലുള്‍പ്പെടെ കലാകാരന്മാരെ വിഭജിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്ന കാലത്ത് നമ്മളൊന്നാണെന്നു പ്രഖ്യാപിക്കുന്ന നാടന്‍ കലകള്‍ക്ക് പ്രസക്തിയേറെയാണെന്ന് മന്ത്രി പറഞ്ഞു.
ദേശീയതയെ ചൂണ്ടിക്കാട്ടി ദേശദ്രോഹിയാണോ അല്ലെയോ എന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍. രാജ്യത്തിന്റെ നാനത്വത്തേയും ബഹുസ്വരതയേയും അംഗീകരിക്കാതെ പേരിനേയും ജാതിയേയും അടിസ്ഥാനപ്പെടുത്തി കലാരൂപങ്ങളെ നോക്കിക്കാണുന്ന അപകടകരമായ കാലാവസ്ഥ രാജ്യത്ത് രൂപപ്പെട്ടുവരുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ നാടന്‍ കലാരൂപങ്ങള്‍ക്ക് കഴിയും. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥകള്‍കൂടി പറയുന്നതാണ് കലാരൂപങ്ങളെന്നും അവയുടെ പുനരവതരണം തലമുറകളിലേക്ക് ആ സന്ദേശം പകരാനുള്ള ശ്രമം കൂടിയാണെന്നും മന്ത്രി പറഞ്ഞു.
യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, യുവജനകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ. എം.ആര്‍ ജയഗീത, ഇവന്റ് ഡയറക്ടര്‍ കരമന ഹരി, ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആര്‍.എസ് കണ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."