മിഠായിത്തെരുവ് അക്രമം: പ്രതികളുടെ ഫോട്ടോ ആല്‍ബം പുറത്തിറക്കി
കോഴിക്കോട്: കഴിഞ്ഞദിവസം സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെ മിഠായിത്തെരുവിലും ടൗണിലും അക്രമപ്രവര്ത്തനത്തിലേര്പ്പെട്ടവരുടെ ലുക്കൗട്ട് നോട്ടിസ് പൊലിസ് പുറത്തുവിട്ടു. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു സംഘ്പരിവാര്‍ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മിഠായിത്തെരുവില്‍ അടച്ചിട്ട കടകള്‍ക്കു നേരെയും അക്രമം നടന്നിരുന്നു.
അക്രമത്തിനു ശേഷം കോര്‍ട്ട് റോഡിലെ ക്ഷേത്രത്തില്‍ ഒളിച്ച അക്രമികള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ ആക്രോശങ്ങളും നടത്തിയിരുന്നു. അക്രമികള്‍ക്കെതിരേ പൊലിസ് ശക്തമായ നടപടികള്‍ ആരംഭിച്ചതോടെ പലരും ഒളിവില്‍ പോവുകയായിരുന്നു. നിരവധി പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയും മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയും പൊലിസ് തിരിച്ചറിഞ്ഞിരുന്നു. ഇത്തരത്തില്‍ തിരിച്ചറിഞ്ഞവരില്‍ പൊലിസിനു പിടികിട്ടാത്തവരുടെ പടം വച്ചാണ് സൈബര്‍ സെല്‍ നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. പതിനൊന്നോളം പേരുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പൊലിസ് പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."