പൊലിസിനെ പരിഷ്കരിക്കാന്‍ നൂതന കര്‍മപദ്ധതികളുമായി ആഭ്യന്തരവകുപ്പ്
കൊല്ലം: സംസ്ഥാന പൊലിസില്‍ അച്ചടക്ക നടപടികളിലുള്‍പ്പെടെ സമൂല മാറ്റത്തിന് ആഭ്യന്തരവകുപ്പിന് കീഴില്‍ കര്‍മ പദ്ധതികളൊരുങ്ങുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം അഴിമതിക്കാരെയും ക്രിമിനലുകളെയും ക്രമസമാധാനച്ചുമതല ഉള്‍പ്പെടെയുള്ള പ്രധാന തസ്തികകളില്‍ നിന്നു മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, ഇന്റലിജന്‍സ് ഡയറക്ടര്‍ ആര്. ശ്രീലേഖ എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല.
പൊലിസിനെ ശുദ്ധീകരിച്ച് ജനസൗഹൃദപരമാക്കി അടിയന്തരവും ദീര്‍ഘകാല ലക്ഷ്യമുള്ളതുമായ പ്രത്യേക പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തയാറാക്കുന്നത്. പൊലിസിനെതിരേ വ്യക്തമായ തെളിവുകളോടെ പരാതി ലഭിച്ചാല്‍ അടിയന്തര പ്രാധാന്യത്തോടെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
വിഡിയോ ദൃശ്യങ്ങള്‍, ഫോട്ടോകള്‍ എന്നിവ അടിയന്തര നടപടിക്കു കാരണമാക്കാവുന്നതിന് തെളിവായി സ്വീകരിക്കും. ഇതിന് സഹായകമായ വിധത്തില്‍ പൊലിസ് നിയമം ഭേദഗതി ചെയ്യും. പരാതിക്കാരെ പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറുക, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ എന്നിവയില്‍ ഉടനടി നടപടിയുണ്ടാകും. കൈക്കൂലി കേസുകളില്‍ നടപടി വൈകിപ്പിക്കില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഓഫിസ് ചുമതലകളിലും നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."