ചികിത്സയ്ക്ക് വിസമ്മതിക്കുന്ന ആദിവാസികളില്‍ രോഗങ്ങള്‍ പടരുന്നു
കാളികാവ്: ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ ഫലപ്രദമാകുന്നില്ല. ചികിത്സിക്കാന്‍ വിസമ്മതിക്കുന്ന ആദിവാസികള്‍ക്കിടയില്‍ ഗുരതരമായ രോഗങ്ങള്‍ പടരുന്നു. ഗുരുതരമായ രോഗം ബാധിച്ചിട്ട് പോലും ചികിത്സ നല്‍കാന്‍ ആദിവാസി രക്ഷിതാക്കള്‍ വിസമ്മതിക്കുകയാണ്. ഒരാഴ്ച മുന്‍പ് ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാല്‍പത് സെന്റില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടു.
എടക്കരയിലെ മാതാവിന്റെ വീട്ടിലാണ് കുഞ്ഞ് താമസിച്ചിരുന്നത്. പനി രൂക്ഷമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കുഞ്ഞിന് ന്യൂമോണിയയാണെന്ന് കണ്ടെത്തിയിരുന്നു.
വിദഗ്ധ ചികിത്സ നല്‍കുന്നതിനായി നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കി. യാത്രാ കൂലി നല്‍കി. രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ കുട്ടിയേയും കൊണ്ട് അച്ഛന്റെ നാടായ ചോക്കാട് കോളനിയിലേക്ക് മാറുകയായിരുന്നു. കോളനിയിലെത്തി രണ്ട് ദിവസം കഴിഞ്ഞ് കുട്ടി മരണപ്പെടുകയും ചെയ്തു. കുട്ടി മരിച്ചതോടെയാണ് ചോക്കാടിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ സംഭവം അറിയുന്നത്. അറനാടന്‍ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ചികിത്സയോട് കൂടുതല്‍ മടി കാണിക്കുന്നത്.
ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ചിങ്കക്കല്ലില്‍ ക്ഷയരോഗം ബാധിച്ച ഒരാള്‍ ചികിത്സക്ക് വിധേയനാകാന്‍ തയാറാകുന്നില്ല. നിര്‍ബന്ധിച്ചാണ് ഇയാള്‍ക്ക് മരുന്ന് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ചിങ്കക്കല്ലില്‍ തന്നെ വീട്ടമ്മയെ പ്രസവത്തിന് ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കവും പരാജയപ്പെട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ചിങ്കക്കല്ലില്‍ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങളാണുള്ളത്. ആദിവാസികള്‍ക്കിടയിലെ അന്തവിശ്വാസമാണെന്നാണ് ചികിത്സാരംഗത്തോടുള്ള വിമൂകതക്ക് പ്രധാന കാരണമായി ആരോഗ്യ വകുപ്പ് പറയുന്നത്.
ചോക്കാട് കോളനിയില്‍ അറനാടന്‍ വിഭാഗത്തില്‍പ്പെട്ട ഒരു യുവാവ് ശരീരത്തില്‍ വ്രണം രൂപപ്പെട്ട് മരണപ്പെട്ടിരുന്നു. അറന്നാടന്‍ വിഭാഗത്തില്‍ ചികിത്സ നല്‍കാന്‍ വീട്ടുകാര്‍ തയാറാകാത്തതാണ് മരണത്തിന് കാരണമായത്. മരുന്നും യാത്രകൂലിയും ഉള്‍പ്പെടെ നല്‍കിയിട്ടും ആദിവാസികള്‍ക്കിടയിലെ പ്രവര്‍ത്തനം ഫലപ്രദമാകാത്തത് ആരോഗ്യ വകുപ്പ് അധികൃതരും നിരാശയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."