തൊഴിലാളികളില്ല: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടങ്ങളില്‍ കശുവണ്ടി മോഷണം വ്യാപകം
ബോവിക്കാനം: വിളവെടുപ്പ് ആരംഭത്തില്‍ തന്നെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുവണ്ടി തോട്ടങ്ങളില്‍ മോഷണവും വ്യാപകമാവുന്നു. കശുവണ്ടി ശേഖരണത്തിനും കാവലിനും ആവശ്യമായ തൊഴിലാളികളില്ലാത്തതിനല്ലാണ് മോഷണം വ്യാപകമാവാന്‍ കാരണമായത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുവണ്ടി ഇത്തവണ പൊതുമേഖല സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സിനും നല്‍കാന്‍ സര്‍ക്കാര്‍ നേരേത്തെ തീരുമാനിച്ചിരുന്നു.
പി.സി.കെയുടെ തൊഴിലാളികള്‍ നേരിട്ട് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച് വിപണി വിലയ്ക്ക് കശുവണ്ടി പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. എന്നാല്‍ ആദൂര്‍, മുളിയാറടക്കമുള്ള ജില്ലയിലെ പല തോട്ടങ്ങളിലും കശുവണ്ടി വിളവെടുപ്പ് തുടങ്ങിയിട്ടും ആവശ്യമായ തൊഴിലാളികളെ നിയമിക്കാനുള്ള പ്രഥമിക നടപടി പോലും ഇതുവരെയായി പി.സി.കെ അധികൃതര്‍ ആരംഭിച്ചിട്ടില്ല.700 ഹെക്ടര്‍ പരന്നു കിടക്കുന്ന തോട്ടങ്ങളുടെ മുഴുവന്‍ ഭാഗങ്ങളിലും എത്തണമെങ്കില്‍ 300ലധികം തൊഴിലാളികള്‍ വേണ്ടിവരും. കശുവണ്ടി പെറുക്കിയെടുക്കാനും കാവലിനുമായി 50തോളം തൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ഒരു മാസം മുന്‍പ് പി.സി.കെ അധികൃതരുടെയും തൊഴിലാളി സംഘടന പ്രതിനിധികളുടെയും സാന്നിധ്യല്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ കശുവണ്ടി ശേഖരണത്തിന് കൂടുതല്‍ താല്‍ക്കാലിക തൊഴിലാളികളെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെയായി ഒരു നടപടിയും ഉണ്ടായിട്ടില്ല. തൊഴിലാളി ക്ഷാമം മുതലെടുത്ത് വിളഞ്ഞ കശുവണ്ടി മുതല്‍ പച്ച കശുവണ്ടി വരെ മോഷ്ടാക്കള്‍ കടത്തികൊണ്ടുപോവുകയാണ്. കശുവണ്ടി വിളവെടുപ്പ് നേരത്തെ ആരംഭിച്ചതിനാല്‍ തൊഴിലാളികളെ നിയമിക്കാന്‍ വൈകുന്തോറും വന്‍ സാമ്പത്തിക നഷ്ടമാവും ഇത്തവണ പി.സി.ക്കെയ്ക്ക് ഉണ്ടാവുക. അതിനിടെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് കശുവണ്ടി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ പി.സി.കെയിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും ഇതു കാരണമാണ് ആവശ്യമായ തൊഴിലാളി നിയമിക്കാന്‍ തയാറാവാത്തതെന്ന ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."