വേനല്‍ മഴ ചതിച്ചു: ഓരുവെള്ളം കയറി 2800 ഏക്കറിലെ കൃഷി നശിക്കുന്നു
മാന്നാര്‍: ഉപ്പുവെള്ളം കയറിക്കൊണ്ടിരിക്കുന്ന പാടശേഖരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് 27ന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് സംയുക്ത പാടശേഖര സമിതി അറിയിച്ചു.
വിത്തിറക്കി 80 ദിവസത്തിനുമുകളില്‍ പ്രായമായി കതിരുവന്ന 2800 ഏക്കര്‍ പാടശേഖരത്തിലാണ് ഉപ്പുവെള്ളം കയറിയത്. കായംകുളം കായല്‍ വഴിയും തോട്ടപ്പള്ളി വഴിയും ഉപ്പുവെള്ളം അച്ചന്‍കോവിലാറിലെത്തി ചെന്നിത്തല, പള്ളിപ്പാട,് മാന്നാര്‍ പാടശേഖരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
ഉപ്പിന്റെ സാന്ദ്രത ഒന്നില്‍ കൂടുതലായാല്‍ നെല്ലിന് ദോഷകരമാണ്. ഇപ്പോള്‍ ഇവിടുത്തെ സാന്ദ്രത പത്തിന് മുകളിലാണെന്നും നെല്ലുകള്‍ ഉണങ്ങി തുടങ്ങിയെന്നും കര്‍ഷകര്‍ പറഞ്ഞു. തുടക്കത്തില്‍ മങ്കൊമ്പിലെ കാര്‍ഷിക ഉദ്യോഗസ്ഥരെത്തി ആറ്റില്‍നിന്നും പാടശേഖരത്തേക്ക് വെള്ളം പമ്പ് ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പട്ടാള പുഴുവിന്റെ ശല്യവും വേനല്‍ മഴയും കനാല്‍ ജലവും കിട്ടാതെവന്ന സാഹചര്യത്തില്‍ അച്ചന്‍കോവിലാറിലെ വെള്ളത്തെ ആശ്രയിച്ച കര്‍ഷകര്‍ക്ക് ഉപ്പുവെള്ളമായതിനാല്‍ ഇരുട്ടടിയായി.
കൃഷിയിറക്കി തുടക്കത്തില്‍തന്നെ കര്‍ഷകര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് ഉപ്പുവെള്ള ഭീഷണി സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു.
പള്ളിപ്പാട് കാവുംപാട്ട് തടയണ ഇടണമെന്ന ആവശ്യവും കൃഷി ഓഫിസര്‍ ചെവിക്കൊണ്ടില്ല. കലക്ടറുടെ നിര്‍ദേശ പ്രകാരം ചെന്നിത്തല പഞ്ചായത്തിനെ കൊണ്ടു പ്രമേയം പാസാക്കി കായംകുളം എന്‍.ടി.പി.സിക്കും നല്‍കിയെങ്കിലും അവരും തടയണകെട്ടുന്നതിന് തയ്യാറായില്ല.
കനാല്‍ ജലം എത്തിച്ച് ഉപ്പുവെള്ളം ഒഴുക്കി കളയണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ധര്‍ണയെന്ന് സംയുക്ത പാടശേഖര സമിതി സെക്രട്ടറി സ്റ്റീഫന്‍ തോമസ്, കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തല എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."