പണിമുടക്ക്; രണ്ടാംദിനം ഭാഗികം
കാസര്‍കോട്: സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ ജില്ലയില്‍ ഭാഗികമായിരുന്നു. വിവിധ ഭാഗങ്ങളില്‍ കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ സര്‍വിസ് നടത്തുകയും ചെയ്തു. സര്‍ക്കാര്‍ ഓഫിസുകളെയും സ്കൂളുകളെയും മാത്രമാണ് പൊതുപണിമുടക്ക് ഇന്നലെ ബാധിച്ചത്.
പൊതുപണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ കാസര്‍കോട് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിരത്ത് സജീവമായിരുന്നു. കെ.എസ്.ആര്.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വിസ് നടത്തിയില്ലെങ്കിലും സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്ത് സജീവമാക്കി. കടകമ്പോളങ്ങളും ചില ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും അടഞ്ഞ് കിടന്നു. പൊതുപണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പണിമുടക്കിയ തൊഴിലാളികള്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. ട്രെയിന്‍ തടയലോ മറ്റ് അനിഷ്ടസംഭവങ്ങളോ ഉണ്ടായില്ല.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ഇന്നലെ മുഴുവന്‍ സമയവും തുറന്ന് പ്രവര്‍ത്തിച്ചു. എം.ജി റോഡിലെ വ്യാപാര സ്ഥാപനങ്ങളും മാര്‍ക്കറ്റും ഇന്നലെ സജീവമായിരുന്നു. റെയില്‍വേ സ്റ്റേഷന് റോഡിലെ വ്യാപാര സ്ഥാപനങ്ങളും ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചു. കാസര്‍കോട് നഗരത്തില്‍ ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിലുണ്ടായിരുന്നു. മഞ്ചേശ്വരം താലൂക്കില്‍ പൊതുപണിമുടക്ക് ഭാഗികമായിരുന്നു. ഉപ്പള, ഹൊസങ്കടി, ബദിയഡുക്ക, മുള്ളേരിയ തുടങ്ങിയ നഗരങ്ങളില്‍ ബസ് സര്‍വിസ് ഇല്ലെന്നതൊഴിച്ചാല്‍ സ്ഥിതി സാധാരണ നിലയിലായിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലും ഇന്നലെ പൊതുപണിമുടക്ക് ഭാഗികമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."