ബോധവല്‍ക്കരണം നടത്തണം: ജില്ലാ കലക്ടര്‍
ഇരിട്ടി: ആറളം പഞ്ചായത്തിലെ ഉരുപ്പും കുണ്ടില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് ബോധവത്ക്കരണത്തിലൂടെ പ്രദേശവാസികളുടെ എതിര്‍പ്പ് മാറ്റി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കണമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ കലക്ടറുടെ നിര്‍ദേശം. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും ആറളം പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ഉരുപ്പുംകുണ്ടില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ യൂനിറ്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം വകയിരുത്തിയിരുന്നു. ഈ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതിയാണെങ്കിലും പ്രദേശവാസികളില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി നിര്‍ത്തിവെക്കേണ്ടി വന്നു. ഗുരുതരമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടികാട്ടിയായിരുന്നു ജനകീയ പ്രതിഷേധം. തീയും പുകയും പോലും ഉണ്ടാകാത്തതും ജലം ആവശ്യമില്ലാത്തതുമായ പദ്ധതിയാണ് ഉരുപ്പുംകുണ്ടില്‍സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റെന്നും നാടുംനഗരവും ഗ്രാമവുമെല്ലാം പ്ലാസ്റ്റിക് രഹിതമാക്കുന്നതിനു പ്രവര്‍ത്തിക്കുമ്പോള്‍ അതിനുസഹായകമായിത്തീരുന്ന പദ്ധതിയെ തെറ്റിദ്ധാരണ മൂലമാണ് പ്രദേശവാസികള്‍ എതിര്‍ക്കുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ പറയുന്നു. ആദ്യഘട്ടത്തില്‍ ആറളം പഞ്ചായത്തില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്കും രണ്ടാം ഘട്ടത്തില്‍ ബ്ലോക്കിലെ ബാക്കിയുള്ള അഞ്ചു പഞ്ചായത്തുകളില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്കും സംസ്‌കരിച്ച് കയറ്റിവിടുന്ന യൂനിറ്റാണ് ലക്ഷ്യമിട്ടിരുന്നത്. 110 പേര്‍ക്ക് തൊഴിലും ലഭിക്കും. ചെമ്പിലോട് പഞ്ചായത്തില്‍ വിജയകരമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം നേരില്‍ പോയി കണ്ട ശേഷമായിരുന്നു ഇവിടെയും ആസൂത്രണം ചെയ്തതെന്ന് പ്രസിഡന്റ് പറഞ്ഞു. ചെമ്പിലോട് പഞ്ചായത്തിനെ മാതൃകാപഞ്ചായത്തായി ഉയര്‍ത്തിയത് ഈ പദ്ധതി നടപ്പിലാക്കിയതിലൂടെ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."