തിരിച്ചറിക്കാര്ഡ്
(മഹ്മൂദ് ദര്‍വീശിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്ന കവിതയുടെ തുടരെഴുത്ത്)
ഴുതിവയ്ക്ക്
എന്റെ പേര് അലി
തൊഴില്‍ വാക്കുകെട്ടല്‍
ആധാര്‍ ഇല്ല
മക്കള്‍ ധാരാളം
മിക്കവരും
സര്‍വകലാശാലകളിലോ
ജയിലിലോ ആണ്
എന്തേ, മനംപിരട്ടല്‍ തോന്നുന്നുണ്ടോ?
എഴുതിവയ്ക്ക്
എന്റെ പേര് അലി
രണ്ടേമുക്കാലേ മേത്തോ എന്ന്
കൂട്ടുകാര്‍ വിളിക്കുമായിരുന്നു
പാടങ്ങളുടെയും
പൊലയരുടെയും കരയ്ക്ക്
നായമ്മാരുപേക്ഷിച്ച
കൊട്ടിയമ്പലത്തോടു ചേര്‍ന്ന
ചായ്പ്പിലാണ് വളര്‍ന്നത്
മുപ്പതു ജുസുവും
കമ്മൂ മാനിഫെസ്റ്റോയും ഓതിയിട്ടുണ്ട്
ശിവരാത്രിക്ക് അമ്പലം തീണ്ടുമായിരുന്നു
അമാവാസിക്ക് കവിതയും.
എന്തേ, പേടിയാവുന്നുണ്ടോ?
എഴുതിവയ്ക്ക്
എന്റെ പേര് അലി
ഉമ്മയും വാപ്പയും നാടും വീടും
തിരുവിതാങ്കോട്-
അവിഭക്ത ഇന്ത്യയില്‍ ഇല്ലായിരുന്നിടം
കശ്മീരും ബംഗാളും പഞ്ചാബും പോലെ
വെട്ടിമുറിക്കാത്തിടം
എന്തേ
രജിസ്റ്ററില്‍ പേരില്ലെന്നോ?
വേണ്ട
മരിച്ച രാജ്യത്ത് കബറടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."