സ്വസ്തിക്ക്
എയിഡ് പോസ്റ്റിനടുത്തെത്തിയപ്പോള്‍, കൈ കാണിച്ചു നിര്‍ത്തിയ പൊലിസുകാരന്‍ ഒന്നും ചോദിച്ചില്ല. എന്നെ ആകെയൊന്നുഴിഞ്ഞു നോക്കുക മാത്രമാണ് ചെയ്തത്. എന്നിട്ട് മേശമേല്‍ വച്ച കുറെ തടിച്ച പുസ്തകങ്ങളുടെ അട്ടിയില്‍ നിന്ന് പല പുസ്തകങ്ങളുമെടുത്ത് അതിന്റെ ചട്ടകങ്ങളിലേക്ക് നോക്കും, ശേഷം എന്റെ മുഖത്തേക്കും നോക്കും. നേരം കുറെയായി ഈ പരിപാടി തുടങ്ങിയിട്ടതെന്നതിനാല്‍ എന്റെ ക്ഷമയുടെ ക്വാട്ട തീര്‍ന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പക്ഷേ കാറിന്റെ ഇന്നര്‍ മിററില്‍ തൂങ്ങിക്കിടക്കുന്ന യു.എ.പി.എ എന്ന ആരോമാര്‍ക്കുള്ള ഡെക്കറേറ്റീവ് ടോയ്, ഇടയ്ക്കിടക്ക് എന്നെ വീണ്ടും ക്ഷമാശീലനാക്കി കൊണ്ടേയിരുന്നു.
എന്നാല്‍ പൊലിസുകാരന്റെ മുന്നില്‍ അത്തരമൊരു ഡെക്കറേറ്റീവ് ടോയ് ഇല്ലാത്തതിനാല്‍, അയാളുടെ ക്ഷമ നശിച്ചിട്ടുണ്ടായിരുന്നു. മൊബൈലെടുത്ത് ആരോടോ, ചൂടായി എന്തോ പറഞ്ഞുതുടങ്ങിയിരുന്നു അയാള്‍.
ആജ് സുബഹ് മേ.....
..... ഏക് ബദ് മാഷ്‌ഹേ..... നടന്നു സംസാരിക്കുന്നതിനാല്‍ പൂര്‍ണമായി പൊലിസുകാരന്‍ എന്താ പറയുന്നതെന്നത് എനിക്ക് കേള്‍ക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും രാവിലെ തന്നെ ഒരു തെമ്മാടി ഇറങ്ങിയിട്ടുണ്ട് .....
ഇവനെയിപ്പോള്‍ ഏത് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും ഭഗവാനെ.... ന്ന് മറ്റാരാടോ ദേഷ്യപ്പെട്ട് പറയുകയാണെന്ന് ഏകദേശം മനസിലായി.
അക്രമകാരികളുടെ വേഷം കണ്ടാലറിയാം, അവര്‍ ആരെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രത്തിന് മുകളില്‍ ഈ വാചകങ്ങള്‍ എഴുതിവച്ച് ഒരു ഫ്രെയിം ചെയ്ത ഫോട്ടോ എയിഡ് ബൂത്തിനുള്ളില്‍ തൂങ്ങുന്നത് അപ്പോഴാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ന്റെ മനസിലും ഒരു ലഡു പൊട്ടിയതപ്പോഴായിരുന്നു;
വീണ്ടും കാറിനടുത്തേക്ക് വന്ന് കൈഞെരിച്ച് അസ്വസ്ഥനാകുന്ന പൊലിസുകാരനെ ഞാന്‍ ഡ്രൈവിങ് സീറ്റിനടുത്തേക്ക് വിളിച്ചു. അയാള്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ടീ ഷര്‍ട്ടിന്റെ കൈ തെരുത്ത്, പണ്ട് ജര്‍മനിയില്‍ പോയപ്പോള്‍ കുത്തിയ പച്ച സ്വസ്ഥിക് ചിഹ്നം കാണിച്ചു കൊടുത്തു!.
സോറി, സാര്‍. മാഫ് കീ ജിയേ....
മെ....
എന്തോ പറഞ്ഞ് തന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ തിരിച്ചുള്ള പെരുമാറ്റത്തില്‍ എനിക്ക് അയാളോട് യാതൊരു വിരോധവുമില്ലെന്ന് തോന്നിയതുകൊണ്ടായിരിക്കാം, സലാം സാര്‍ എന്നു പറഞ്ഞ് അയാള്‍ എനിക്ക് ഒരു പൊലിസ് സല്യൂട്ടുമടിച്ചു. ഞാന്‍ അയാള്‍ക്കും അതേ സല്യൂട്ട് അതേപോലെ തിരിച്ചു നല്‍കി.
ഉടനെ വന്നു അയാളുടെ ചൂണ്ടില്‍ നിന്ന്:
'ധന്യവാദ്, ഇത്രയും വര്‍ഷത്തെ സര്‍വീസിനിടക്ക് ആദ്യമായിട്ടാണ് ഒരാള്‍ എന്നെ സല്യൂട്ട് ചെയ്യുന്നത് സാബ്'
ഇത് പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നനവ് പടര്‍ന്നോയെന്ന് സംശയം.
എന്നെയും ആദ്യമായിട്ടാണ് ഒരാള്‍ സല്യൂട്ട് ചെയ്യുന്നത്. എന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ കാര്‍ അപ്പോഴേക്കും മുന്നോട്ട് പോയി തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."