HOME
DETAILS
MAL
നോക്കുവിദ്യ പാവകളി കലാകാരി പങ്കജാക്ഷിയമ്മ പത്മ പുരസ്‌കാര നിറവില്‍
backup
January 26 2020 | 00:01 AM
കോട്ടയം: അപൂര്‍വങ്ങളില്‍ അപൂര്‍വമായ നോക്കുവിദ്യ പാവകളി പാരമ്പര്യകലാകാരി
പങ്കജാക്ഷിയമ്മ പത്മ പുരസ്‌ക്കാര നിറവില്‍. അന്യം നിന്നുപോകുന്ന ഈ തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ധ്യമുള്ള അപൂര്‍വ വ്യക്തികളില്‍ ഒരാളാണ് 84 കാരിയായ കുറവിലങ്ങാട് മോനിപ്പള്ളി മുഴിക്കല്‍ പങ്കജാക്ഷിയമ്മ. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ കഴിഞ്ഞ ആറു വര്‍ഷമായി കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന പങ്കജാക്ഷിയമ്മ അന്യംനിന്നു പോകുന്ന നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്‍കിയ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചാണ് പത്മപുരസ്‌കാരത്തിന് പരിഗണിച്ചത്.
കൈകള്‍ കൊണ്ട് പാവകളെ നിയന്ത്രിക്കുന്ന തോല്‍പ്പാവകളിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നോക്കുവിദ്യ പാവകളി. മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കുത്തിനിര്‍ത്തിയ ഒരു വടിയിലാണ് നോക്കുവിദ്യ പാവകളിയില്‍ പാവകളെ നിയന്ത്രിക്കുന്നത്. മഹാഭാരതവും രാമായണവും സാമൂഹ്യജീവിതത്തില്‍ നിന്നും എടുത്ത കഥകളുമെല്ലാം നോക്കുവിദ്യ പാവകളിയില്‍ അരങ്ങേറുന്നത്. പങ്കജാക്ഷിയമ്മ ചെറുപ്പം കാലം മുതല്‍ ഈ കലാരൂപം അവതരിപ്പിച്ചു വരുന്നു.
വേലപ്പണിക്കര്‍ വിഭാഗത്തിന്റെ പാരമ്പര്യ കലാരൂപമായ ഓണംതുള്ളലിന്റെ ഭാഗമായിരുന്നു പഴയ കാലത്ത് പാവകളി. ഓണംതുള്ളലില്‍ നിന്നു പാവകളിയെ അടര്‍ത്തിയെടുത്താണ് നോക്കുവിദ്യ പാവകളി എന്നു പേരിട്ടത്. ആറു വര്‍ഷം മുന്‍പു വരെ പങ്കജാക്ഷിയമ്മ പാവകളി രംഗത്തു സജീവമായിരുന്നു. ഡല്‍ഹി, ഉടുപ്പി, ബംഗളൂരുവിനും പുറമെ ഫ്രാന്‍സിലും പങ്കജാങ്കിയമ്മ നോക്കുവിദ്യ പാവകളി അവതരിപ്പിച്ചു.
ഭര്‍ത്താവ് പരേതനായ ശിവരാാമപ്പണിക്കരാണ് പാലത്തടിയില്‍ പാവകള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. വീടുകളില്‍ പോയാണ് മുന്‍പ് പാവകളി നടത്തിയിരുന്നത്. പങ്കജാക്ഷിയമ്മ തലമുറയിലൂടെ കൈമാറിയ പാവകളി കൊച്ചുമകള്‍ രഞ്ജിനി ഏറ്റെടുത്തു. ഈ കലാരൂപത്തില്‍ വിദഗ്ധയാണ് രഞ്ജിനി.
കഴിഞ്ഞ 11 വര്‍ഷമായി ഈ കലാരൂപം പേരമകളെ അഭ്യസിപ്പിക്കുന്നുത് പങ്കാജാക്ഷിയമ്മയാണ്. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് രഞ്ജിനി. മക്കള്‍: രാധാമണി, വിജയന്‍, ശിവന്‍. ഈ അംഗീകാരത്തില്‍ ഈശ്വരനോടും പ്രിയ നാട്ടുകാരോടും കുടുംബാഗങ്ങളോടും കേന്ദ്ര സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നതായി പങ്കജാക്ഷിയമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."