സി.എ.എ മുസ്‌ലിങ്ങളുടെ മാത്രം പ്രശ്‌നമല്ല, രാജ്യത്തെ വിഭജിക്കുന്ന വലിയ കുറ്റകൃത്യം- ലത്തീന്‍ സഭകളില്‍ ഇടയ ലേഖനം
കൊച്ചി: എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പള്ളികളില്‍ ഇടയലേഖനം വായിച്ച് ലത്തീന്‍ സഭ.
രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമമെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ഇത് മുസ്‌ലിങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെ സര്‍വ്വ ജനങ്ങളുടെയും പ്രശ്‌നമാണെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബില്ലിന്റ ആന്തരിക അര്‍ത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്ര ത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടും. മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.
ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുന്നത്.ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് വിവിധ പള്ളികളില്‍ ഇടയലേഖനം വായിച്ചത്. എറണാകുളം ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും തിരുവനന്തപുരത്ത് ആര്‍ച്ച് ബിഷപ്പ് ഡോ. സുസേപാക്യവും ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.
അതേസമയം രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ റിപ്പബ്ലിക് ദിനത്തിലും ഉണ്ടാവുമെന്ന ഭീതിയില്‍കടുത്ത നിയന്ത്രണങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നിടത്ത് കറുത്ത തൊപ്പിയോ ഷാളോ അടക്കമുള്ള വസ്ത്രങ്ങള്‍ ധരിച്ച് എത്താന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. കടുത്ത സുരക്ഷ ക്രമീകരണങ്ങളും തലസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."