9/11 സംഭവം: സഊദിക്ക് പങ്കുള്ളതായി യാതൊരു തെളിവുമില്ല- സി.ഐ.എ
റിയാദ്: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സഊദി അറേബ്യക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് സി.ഐ.എ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്‍ വ്യക്തമാക്കി. പ്രമുഖ അറബ് ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ എജന്‍സി (സി.ഐ.എ) തലവന്‍ ഇത് തുറന്നു പറഞ്ഞത്. സെപ്തംബര്‍-11 വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക അനേഷണ റിപ്പോര്‍ട്ടില്‍ സഊദിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.
സെപ്തംബര്‍ -11 വിഷയവുമായി ബന്ധപ്പെട്ട് വളരെ വിശദമായി പഠനം നടത്തിയിട്ടുണ്ട്. ആരോപണവിധേയരായ സഊദി അറേബ്യന്‍ ഗവണ്‍മെന്റോ സഊദി ഉന്നത അധികൃതരോ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി യാതൊരു തെളിവുമില്ല. 28 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു ശേഷം വളരെ ഗൗരവമായ അന്വേഷണമാണ് നടത്തിയത്. അല്‍ഖൈയ്ദയും അതുപോലെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെയും നീക്കമായിരുന്നു അതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പ്രധാന കൂട്ടാളിയാണ് സഊദി അറേബ്യയെന്നും ബ്രണ്ണന്‍ വ്യക്തമാക്കി.
സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്ന്‍ അബുല്‍ അസീസും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തീവ്രവാദത്തിനെതിരെയെടുക്കുന്ന നിലപാടുകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദം വളര്‍ത്തുന്നത് ഇറാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാഖ്, സിറിയ, തുടങ്ങി മറ്റു സ്ഥലങ്ങളിലും കൈകടത്തി തീവവാദം പ്രോത്സാഹിപ്പിക്കുകയാണ് ഇറാന്‍ ചെയ്യുന്നത്. നിലവിലെ ഏറ്റവും വലിയ ഭീഷണിയായ ഐ.എ.സിന്റെ നീക്കത്തില്‍ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു. അത്തരം ഗ്രൂപ്പുകളെ തകര്‍ക്കാന്‍ നമ്മള്‍ പ്രാപ്തരാവണം. അദ്ദേഹം പറഞ്ഞു. നേരത്തെ, കഴിഞ്ഞ മാസം 9/11 കമ്മീഷന്‍ അംഗമായ ജോണ്‍ ലെഹ്മാന്‍ സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ ആറു സഊദി ഉദ്യോഗസ്ഥര്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചതായി തെളിവുകളുള്ളതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വാദത്തെയാണ് തന്റെ ആദ്യ അറബ് ടെലിവിഷന്‍ അഭിമുഖത്തില്‍ ബ്രണ്ണന്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."