വീടുകളിലെത്തി ചികിത്സയ്ക്ക് 25 മൊബൈല്‍ യൂനിറ്റുകള്‍ ആരംഭിക്കും: മന്ത്രി ശൈലജ
കണ്ണൂര്‍: വീടുകളിലെത്തി ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ലഭ്യമാക്കാന്‍ 25 മൊബൈല്‍ യൂനിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ജില്ലയില്‍ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷാകര്‍ത്താക്കള്‍ക്കു സംരക്ഷണം നല്കി വരുന്ന പരിവാര്‍(കുടുംബം) സംഘടനയുടെ ജില്ലാതല കൂട്ടായ്മയും വാര്‍ഷിക ജനറല്‍ ബോഡിയോഗവും കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏഴര ലക്ഷം വരുന്ന അംഗപരിമിതരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് യാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. 18 വയസിന് മുകളിലുള്ള അംഗപരിമിതരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഭിന്നശേഷിക്കാര്‍ക്ക് സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പരിവാര്‍ പ്രസിഡന്റ് കെ സോമന് അധ്യക്ഷനായി. ശാരീരിക മാനസിക പ്രയാസം നേരിടുന്നവരില്‍ എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സമ്മാനിച്ചു. അഡ്വ. പി ഇന്ദിര, സി സമീര്‍, ലഫ്. ജനറല്‍ വിനോദ് നായനാര്‍, സി ചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."