'ഞാനും മകനും മരണത്തെ തൊട്ടരികില്‍ കണ്ടു'- അപകടത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് സഞ്ജീവ് ഭട്ടിന്റെ ഭാര്യ
ന്യൂഡല്‍ഹി: സംഘ്പരിവാറിന്റെ കടുത്ത വിമര്‍ശകനായതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യക്കും മകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചു. വധശ്രമമായിരുന്നുവെന്നാണ് ശ്വേതാ ഭട്ട് പറയുന്നത്. ശ്വേതാ ഭട്ടും മകന്‍ ശാന്തനുവും സഞ്ചരിച്ച കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചെത്തിയ വലിയ ട്രക്ക് വന്നിടിക്കുകയായിരുന്നു. അഹമദാബാദില്‍ വച്ച് ജനുവരി ഏഴിനായിരുന്നു അപകടം. സഞ്ചീവ് ഭട്ടിന്റെ ജാമ്യഹരജി ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കുന്നതിനുതൊട്ടുമുമ്പായിരുന്നു സംഭവം.
ഫേസ്ബുക്ക് പോസ്റ്റ് വഴി ശ്വേത തന്നെയാണ് തങ്ങള്‍ക്കുണ്ടായ അനുഭവം പുറത്തു വിട്ടത്.
ജനുവരി ഏഴ് 2019. അന്ന് ഞാനും എന്റെ മകനും മരണത്തെ ഏറെ അടുത്ത് കണ്ടു. ഞങ്ങള്‍ക്ക് പുറകെ വന്ന ഒരു വലിയ ട്രക്ക് കാറിന്റെ വലതു വശത്ത് ഡ്രൈവിങ്് സൈഡില്‍ വന്നിടിക്കുകയായിരുന്നു. അതും തിരിക്കു പിടിച്ച് ഐ.ഐ.എം റോഡില്‍.
കാര്‍ തകര്‍ത്ത ശേഷം ഡിവൈഡര്‍ കടന്ന് റോഡിന്റെ മറ്റേ ഭാഗത്തേക്ക് തള്ളി. കാര്‍ അനിയന്ത്രിതമായി വട്ടം കറങ്ങി, അസന്തുഷ്ടമായ ചിന്തകളായിരുന്നു എന്റെ മനസ്സില്‍ നിറയെ. ആ നിമിഷം എന്റെ മകനെ നഷ്ടപ്പെടും എന്ന ഭയമായിരുന്നു എനിക്ക്, എന്റെ ജീവനെക്കുറിച്ചുള്ള ചിന്തയേക്കാള്‍. ഈ അപകടത്തെ നമ്മള്‍ ചില മുറിവുകളോടും ചതവുകളോടും കൂടി അതിജീവിച്ചത് എന്തോ മാന്ത്രികതയാണ്. ദൈവത്തിന്റെ സഹായത്താല്‍, സഞ്ജീവിന്റെ നല്ല കര്‍മങ്ങളും നിങ്ങളുടെ പ്രാര്‍ഥനയാല്‍, ഇന്ന് ഇതിരുന്ന് എഴുതാന്‍ മാത്രം ഞാന്‍ ആരോഗ്യവതിയാണ്.
ഇതിന്റെ ഞെട്ടലില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ രണ്ട് ദിവസമെടുത്തു. ഗുജറാത്ത് ഹൈക്കോടതിയില്‍ വിചാരണ നടക്കാനിരുന്നതിന്റെ തലേദിവസമായിരുന്നു സംഭവം. ഈ ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. വാഹന രജിസ്‌ട്രേഷന്‍ രേഖകളും ഉണ്ടായിരുന്നില്ല.
ഈ സംഭവത്തിന്റെ ഉദ്ദേശ്യം ഞങ്ങളെ ഭയപ്പെടുത്താനോ സഞ്ജീവ് ഭട്ടിനെ തകര്‍ക്കാനോ ആണെങ്കില്‍ ഞാന്‍ പറയട്ടെ, ഞങ്ങള്‍ ഞെട്ടിയിട്ടുണ്ട്, പക്ഷേ ഭയന്നിട്ടില്ല. സഞ്ജീവ് ഭട്ടിന്റെ കുടുംബം അദ്ദേഹത്തിന്റെ ശക്തിയായി തുടരും, ദൗര്‍ബല്യമായിട്ടല്ല.
ഒരുപാട് കാലതാമസത്തിന് ശേഷം നാളെ ഗുജറാത്ത് ഹൈക്കോടതി സഞ്ജീവ് ഭട്ടിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കും. ഈ പുതുവര്‍ഷം നീതിക്കായുള്ള പുതിയ പ്രതീക്ഷ കൊണ്ടുവരട്ടെ. ' ശ്വേത ഭട്ട് പറഞ്ഞു
ഗുജറാത്ത് പൊലിസിനെ വിശ്വാസമില്ല
ശ്വേതയും മകനും അല്‍ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇരുവരും സഞ്ചരിച്ച ഇന്നോവാ കാറിന്റെ മുന്‍വശം അപകടത്തില്‍ തകര്‍ന്നു. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ളതാണ് ട്രക്ക്. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പൊലിസില്‍ പരാതി നല്‍കിയില്ല. ഗുജറാത്ത് പൊലിസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് സംഭവത്തില്‍ കുടുംബം പരാതി നല്‍കാതിരിക്കുന്നത്. അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഓഫിസര്‍ക്ക് മൊഴിനല്‍കുക മാത്രമാണ് ചെയ്തതെന്നും ട്രക്ക് ട്രൈവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്വേത പറഞ്ഞു. ട്രക്ക് ഓടിച്ച ഡ്രൈവറുടെ അടുത്ത് ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നിട്ടും പോലിസ് അയാളെ വെറുതെവിട്ടെന്നും അവര്‍ ആരോപിച്ചു.
22 വര്‍ഷം മുന്‍പുള്ള കേസിന്റെ പേരിലാണ് സപ്തംബര്‍ അഞ്ചിന് സഞ്ചീവിനെ ഗുജറാത്ത് പൊലിസ് അറസ്റ്റ്‌ചെയ്തത്. ഇതിനു ശേഷം ഇതുവരെ സഞ്ജീവിനു ജാമ്യംലഭിച്ചിട്ടില്ല. 1996ല്‍ രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പരാതി. ഈ കേസില്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഭാര്യ ശ്വേതാ ഭട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ പോയിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ സെഷന്‍സ് കോടതി മൂന്നുമാസമാണ് എടുത്തത്. ഇത് ജാമ്യംലഭിക്കുന്നത് നീളാനും കാരണമായി.
ഗുജറാത്ത് കൂട്ടക്കൊല കേസില്‍ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധിക്കപ്പെടുന്നതും ഗുജറാത്ത് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാകുന്നതും. ഗോധ്രാസംഭവത്തിനു പിന്നാലെ 2002 ഫെബ്രുവരി 27ന് വിളിച്ചുകൂട്ടിയ പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗോധ്ര സംഭവത്തില്‍ രോഷം പ്രകടിപ്പിക്കുന്നതിന് ഹിന്ദുക്കളെ അനുവദിക്കാന്‍ നരേന്ദ്ര മോദി നിര്‍ദേശിച്ചുവെന്നായിരുന്നു ഭട്ടിന്റെ വെളിപ്പെടുത്തല്‍. പ്രതികാര നടപടിയുടെ ഭാഗമായി 2015ലാണ് 1988 ബാച്ചിലെ ഐ.പി.എസുകാരനായ ഭട്ടിനെ ഇന്ത്യന്‍ പൊലിസ് സര്‍വീസില്‍ നിന്നും പുറത്താക്കിയിത്. അതിനു ശേഷം സാമൂഹികമാധ്യമങ്ങളില്‍ ബി.ജെ.പിയെയും നരേന്ദ്രമോദിയെയും നിശിതമായി വിമര്‍ശിച്ചുവരുന്നതിനിടെയാണ് രണ്ടുപതിറ്റാണ്ട് മുമ്പുള്ള കേസില്‍ ഭട്ട് അറസ്റ്റിലാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."