ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു; കേരളവും തമിഴ്നാടും തമ്മില്‍ പുതിയ പ്രശ്‌നങ്ങളില്ലെന്ന് ചെയര്‍മാന്‍
സ്വന്തം ലേഖകന്‍
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തമ്മില്‍ പുതിയ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജ്.
ഇന്നലെ രാവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുല്‍ഷന്‍ രാജ് , കേരള പ്രതിനിധി ബി. അശോകന്‍, തമിഴ്‌നാട് പ്രതിനിധി കെ. മണിവാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തേക്കടിയില്‍നിന്ന് ബോട്ട് മാര്‍ഗമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്തിയത്. എട്ടു മാസങ്ങള്‍ക്കു ശേഷമാണ് സന്ദര്‍ശനം. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
2, 4 നമ്പര്‍ ഷട്ടറുകള്‍ ഉയര്‍ത്തി സംഘം പരിശോധിച്ചു. ഡാമിന്റെ ആരോഗ്യത്തില്‍ ആശങ്കയില്ലെന്നും ഉന്നതാധികാര സമിതി വിലയിരുത്തി.
ബേബി ഡാം ദൃഢമാക്കുന്നതുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമീപ ഭാവിയില്‍ തന്നെ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന് സമിതി അംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മരം മുറിച്ചുമാറ്റുവാനുള്ള തമിഴ്‌നാടിന്റെ ആവശ്യം കേരളം അംഗീകരിച്ചിട്ടില്ല. അണക്കെട്ടിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുവാനുള്ള ശ്രമത്തിനും കേരളം അനുവാദം നല്‍കിയിട്ടില്ല. തമിഴ്‌നാട് പണം നല്‍കുന്ന മുറയ്ക്ക് വൈദ്യുതി എത്തിക്കുമെന്നാണ് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചെയര്‍മാന്‍ മറുപടി നല്‍കിയത്.
വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിലെ നിര്‍മാണങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി ആവശ്യമുള്ളതിനാലാണ് കാലതാമസം ഉണ്ടാകുന്നതെന്ന് ഉന്നതാധികാര സമിതി വിലയിരുത്തി.
അണക്കെട്ടില്‍ നിരീക്ഷണ കാമറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അധികം വൈകാതെ നടപ്പാക്കുമെന്ന് ഹൈപ്പവര്‍ കമ്മിറ്റി അറിയിച്ചു. മഹാപ്രളയകാലത്ത് തകര്‍ന്ന വള്ളക്കടവ് - മുല്ലപ്പെരിയാറിലേക്കുള്ള വഴിയുടെ പുനര്‍ നിര്‍മാണം, അണക്കെട്ടിലേക്കുള്ള വൈദ്യുതീകരണം എന്നീ ആവശ്യങ്ങളാണ് തമിഴ്‌നാട് ഉന്നയിച്ചത്.
പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പ്രധാന മേഖലയിലൂടെ റോഡും വൈദ്യുതി ലൈനും കടന്നു പോകേണ്ടതിനാല്‍ ഇതിനു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. അതിനാല്‍ നടപടി സ്വീകരിക്കണമെന്ന് സമിതി നിലപാടെടുത്തു.
നിലവില്‍ അണക്കെട്ടില്‍നിന്നുള്ള സീപ്പേജ് വെള്ളത്തിന്റെ അളവ് മിനിറ്റില്‍ 35ലിറ്ററാണ്. ഷട്ടര്‍ ഓപ്പറേറ്റിങ് മാനുവല്‍ വേണമെന്ന് കേരളം വര്‍ഷങ്ങളായി അവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."