അലോക് വര്‍മയുടെ ഉത്തരവുകള്‍ നാഗേശ്വര്‍ റാവു റദ്ദാക്കി
ന്യൂഡല്‍ഹി: അലോക് വര്‍മയെ സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്നു സ്ഥലംമാറ്റിയതിനു പകരമായെത്തിയ എം. നാഗേശ്വര്‍ റാവു ഇടക്കാല ഡയരക്ടറായി ചുമതലയേറ്റു.
വ്യാഴാഴ്ച രാത്രിയാണ് അലോക് വര്‍മയെ നീക്കിയതും പകരക്കാരനായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതും.
ഇടക്കാല ഡയരക്ടറായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ആറു ജോയിന്റ് ഡയരക്ടര്‍മാരെ നാഗേശ്വര്‍ റാവു സ്ഥലം മാറ്റി. സി.ബി.ഐ വക്താവിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.
സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് ബുധനാഴ്ച ചുമതലയേറ്റയുടന്‍ അലോക് വര്‍മ പുറപ്പെടുവിച്ച ഉത്തരവുകളെല്ലാം റദ്ദാക്കുകയാണ് അധികാരമേറ്റയുടന്‍ നാഗേശ്വര്‍ റാവുചെയ്തത്.
അലോക് വര്‍മയെ ഒക്ടോബറില്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ഇടക്കാല ഡയരക്ടറായി വന്നയാളായിരുന്നു 1986ലെ ഒഡീഷ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ നാഗേശ്വര്‍ റാവു.
ബുധനാഴ്ച ചുമതലയേറ്റ് വ്യാഴാഴ്ച പടിയിറങ്ങും വരെ 24 സ്ഥലംമാറ്റ ഉത്തരവുകളാണ് അലോക് വര്‍മ പുറപ്പെടുവിച്ചിരുന്നത്.
ചുമതലയേറ്റയുടന്‍ നാഗേശ്വര്‍ റാവു സ്ഥലംമാറ്റിയ തന്റെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നതും മുന്‍ സ്‌പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയുടെ അടുപ്പക്കാരെ സ്ഥലംമാറ്റുന്നതുമായ ഉത്തരവുകളായിരുന്നു ഇവ. എന്നാല്‍ ഇന്നലെ ഈ സ്ഥലംമാറ്റ ഉത്തരവുകളെല്ലാം നാഗേശ്വര്‍ റാവു റദ്ദാക്കുകയായിരുന്നു.
അതേസമയം നാഗേശ്വര്‍ റാവുവിനെ സി.ബി.ഐയുടെ താല്‍ക്കാലിക മേധാവിയാക്കിയ നടപടിയെ സുപ്രിംകോടതിയില്‍ ചോദ്യംചെയ്യുമെന്ന് മുതിര്‍മ്മ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.
അഴിമതിയാരോപണവിധേയനായ ഉദ്യോഗസ്ഥനെ സി.ബി.ഐ മേധാവിയാക്കിയ നടപടിയെയാവും ചോദ്യംചെയ്യുകയെന്ന് ഭൂഷണ്‍ പറഞ്ഞു.
ആയുധഇടപാടുകളിലെ ഇടനിലക്കാരന്‍ സഞ്ജയ് ഭന്ധാരിക്കെതിരായ കൈക്കൂലി കേസുകള്‍ അവസാനിപ്പിക്കാന്‍ ഇടപെട്ടതുള്‍പ്പെടെയുള്ള ആരോപണങ്ങളും റാവുവിനെതിരെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."