അധികാരത്തിന് കൊമ്പുകളുണ്ട്
മലയാളത്തില്‍ 'അധികാര'ത്തെക്കുറിച്ച് ആധികാരികമായിത്തന്നെ ചിന്തിച്ച എഴുത്തുകാരന്‍ എം. ഗോവിന്ദനായിരുന്നു. അധികാരമോഹിയായ ഏതൊരു മനുഷ്യനിലും ഒരു സമുദായദ്രോഹി പതിയിരിക്കുന്നുണ്ടെന്ന് അദ്ദേഹം വളരെ മുന്‍പേ നിരീക്ഷിച്ചിട്ടുണ്ട്. 'അധികാരത്തിന്റെ മനഃശാസ്ത്രം, അധികാരമെന്ന പ്രശ്‌നം, അധികാരം പുതിയ പ്രത്യയശാസ്ത്ര പ്രകാരം' എന്നീ ലേഖനങ്ങള്‍ എം. ഗോവിന്ദന്‍ എഴുതിയത് അറുപതുകളിലാണ്. അതൊക്കെ കൊണ്ടുതന്നെയാവണം പില്‍ക്കാലത്ത് ഒ.വി വിജയന്‍ നമ്മുടെ തലമുറയുടെ ഒരരത്തലമുറ മുന്‍പേയാണ് എം. ഗോവിന്ദന്‍ നടന്നതെന്നു പറഞ്ഞത്.
അധികാരകാമത്തിന്റെ അടിസ്ഥാന പ്രേരണകളെക്കുറിച്ച് എം. ഗോവിന്ദന്‍ എഴുതുന്നു. 'സഹജീവികളില്‍ ഏകാധിപത്യം സ്ഥാപിക്കാനും അതില്‍നിന്ന് ആനന്ദം നേടാനുമുള്ള മസോക്കിസ്റ്റ് മനോഭാവം ജനഗണമന അധിനായകനെന്ന അപദാനം കേള്‍ക്കാനുള്ള കൊതി, ആശ്രിത സമൂഹങ്ങളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ അത്ഭുതപ്പൂമാനായി വിലസുന്നതിനുള്ള ചാരിതാര്‍ഥ്യം, അഹന്തയ്ക്കു സസൈ്വരം വിഹരിക്കാന്‍ വിശാല മേഖലകള്‍ സജ്ജീകരിക്കാനുള്ള അടങ്ങാത്ത അഭിലാഷം, അനാഥരും അശരണരുമായവരുടെ രക്ഷാപുരുഷനാണെന്ന അഹംഭാവം, കുറുക്കുവഴികളിലൂടെ സ്ഥാനമാനങ്ങള്‍ നേടി വ്യക്തിപ്രഭാവം വികസിപ്പിക്കാനുള്ള സാധ്യത... ഇങ്ങനെ സങ്കീര്‍ണ വികാരങ്ങളുടെ കേളീരംഗമാണ് അധികാരം.' എല്ലാ ഛായംതേച്ച തുണിക്കഷണങ്ങള്‍ പൊക്കിപ്പിടിക്കുന്നവര്‍ അധികാരം സ്വപ്നം കാണുന്നവരാണ്. അധികാരമോഹം കൊടുമ്പിരി കൊള്ളുന്ന കുറേ മനസുകള്‍ മാറിയതു കൊണ്ടുമാത്രം ഈ പ്രശ്‌നം പരിഹൃതമാവില്ലെന്നും അധികാരത്തിന്റെ മിശിഹകളിലൂടെ തിരുഅവതാരം പ്രതീക്ഷിച്ചു വാഴുന്ന സമൂഹശാസ്ത്രത്തിലും മാറ്റം വരണമെന്നും ഗോവിന്ദന്‍ നിരീക്ഷിക്കുന്നു. കാലം മാറിയതോടെ അധികാരത്തിനു സ്തുതി പാടുന്ന ഒരു വിഭാഗം മാറാതെ നില്‍ക്കുന്നു എന്നല്ല, കൂടുതല്‍ ശക്തമായി നിലകൊള്ളുന്നു എന്നതാണ് സത്യം. വാഴുന്നവന്റെ കൈകള്‍ക്ക് വളകളിടുവിക്കാനും വാഴുന്നവനുവേണ്ടി വിളയാട്ടങ്ങള്‍ നടത്താനും തയാറായ ഭൂരിഭാഗം ഇന്നുമുണ്ട്.
നീതികേടിനെതിരേ പ്രതികരിക്കേണ്ട യുവജനങ്ങള്‍ പോലും പലപ്പോഴും അധികാരത്തോട് ഒട്ടിനില്‍ക്കുന്നതും നമുക്കു കാണാം. ചിലപ്പോഴെങ്കിലും നമ്മുടെ ബുദ്ധിജീവികളും കലാകാരന്മാരും കുറ്റകരമായ മൗനം കൊണ്ട് അധികാരത്തിലിരിക്കുന്നവരുടെ കോപത്തില്‍ നിന്നും രക്ഷതേടുന്നതും നമുക്കറിയാം. എങ്കിലും കലയില്‍ അധികാരത്തോട് എതിരേ നില്‍ക്കുന്ന കലാപത്തിന്റെ അംശങ്ങളുണ്ട്.
അമേരിക്കയില്‍ അധികാരത്തിലിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റ ഭ്രാന്തന്‍നയങ്ങള്‍ക്കെതിരേ അവിടെ കലാപക്കൊടിയുയര്‍ത്തുന്നത് എഴുത്തുകാരും കലാകാരന്മാരുമാണ്. ഏതു രാജ്യത്തായാലും അവിടുത്തെ ഭരണാധികാരികള്‍ ഭയപ്പെടുന്നത് അവര്‍ക്കു വിധേയരല്ലാത്ത കലാകാരന്മാരെയാണ്.
അധികാരത്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ച് മനസിലാക്കാന്‍ ഒട്ടേറെ ചിന്തകന്മാര്‍ ശ്രമിച്ചിട്ടുണ്ട്. അധികാരകാമം ഒരുതരം മാനസിക രോഗമാണെന്ന് എം. ഗോവിന്ദന്‍. സാധാരണ കാമത്തേക്കാള്‍ ആപത്കരമാണ് അധികാരകാമം. കാമത്തില്‍ നിന്ന് ക്രോധം, ക്രോധത്തില്‍ നിന്ന് അവിവേകം, അവിവേകത്തില്‍ നിന്ന് ബുദ്ധിനാശവും. ബുദ്ധി നശിക്കുമ്പോള്‍ മനുഷ്യത്വവും നശിക്കുന്നു. അധികാരികളായ ശേഷം ബുദ്ധി നശിച്ച അനവധി പേരെ ഉദാഹരിക്കാന്‍ കഴിയും. ഈ അര്‍ഥത്തില്‍ അധികാരം ദുഷിപ്പിക്കുന്നുവെന്ന ചൊല്ലിനു പ്രസക്തിയുണ്ട്.
രാജാവ് നഗ്നനാണെന്ന് ഏതു ചെറിയ കുട്ടി പറയുമ്പോഴും സിംഹാസനങ്ങള്‍ ഞെട്ടുന്നതിനു കാരണമുണ്ട്. ആ കുട്ടികളുടെ കൈയില്‍ ഒരു കൊയ്ത്തരിവാളുണ്ട്. ''അധികാരം കൊയ്യണമാദ്യം'' എന്നു കവി വിളിച്ചുപറയുന്നത് അവന്‍ അറിയുന്നുണ്ട്.
ചുരുട്ടിയ ഈ മുഷ്ടികള്‍
ഉടന്‍ നിവരുകയില്ല
വരാനിരിക്കുന്ന വിപ്ലവം നിങ്ങള്‍ക്കായി
കാത്തുനില്‍ക്കുകയില്ല.
ഞങ്ങള്‍ വേണ്ടുവോളം സഹിച്ചിരിക്കുന്നു.
ഇനിയും സഹനശക്തി ബാക്കിയില്ല.
-ജെ.വി പൊവാറിന്റെ ഒരു ദലിത്-മറാത്തി
കവിതയില്‍ നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."