തോട്ട മുക്കാലും തുളവീണ ഓര്‍മകളും
ഞായറാഴ്ച എന്നെ കൂടുതല്‍ പിരാന്തനാക്കി. കല്യാണം, നേര്‍ച്ച, കുടികൂടല്‍, നാള് നിശ്ചയം, സൗഹൃദം അങ്ങനെയങ്ങനെ, അങ്ങനെയങ്ങനെ....
പോയാലോ? ആട്, പോത്ത്, മൂരി, എരുമ, കോഴി...
പോയില്ലെങ്കിലോ? അഹങ്കാരി, തെമ്മാടി, താന്തോന്നി, മറ്റവന്‍, കുരുത്തം കെട്ടവന്‍...
ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി കാവ്യസന്ധ്യയില്‍ പോയാലോ? പരദൂഷണം, കള്ളുനാറ്റം, ആധുനികം, അത്യന്താധുനികം, ഉത്തരാധുനികം. ഇതൊന്നും വേണ്ട, വായനയിലേക്കു കടന്നാലോ? ഞായറാഴ്ചപ്പതിപ്പില്‍ പത്രാധിപരുടെ ഇഷ്ടക്കാരുടെ മാത്രം വിഭവങ്ങള്‍.
എന്തുചെയ്യും? എന്തു വായിക്കും? എങ്ങോട്ടു പോകും?
ഞാനെന്നെത്തന്നെ ഒന്നു കുടഞ്ഞുനോക്കി.
കുറേ തോട്ടമുക്കാലും തുള വീണ ഓര്‍മകളുമല്ലാതെ
മറ്റൊന്നും കിട്ടിയില്ല.
മൊത്തം തോട്ടവീണ ജീവിതം.
ഒരു ഓട്ടയും അടയുന്നില്ലല്ലോ ദൈവമേ.
കാക്കേ കാക്കേ കൂടെവിടെ?
ഞാനാദ്യം എഴുതിപ്പഠിച്ച പദ്യം.
കാക്ക കൂടൊന്നും കാണിച്ചില്ല.
പകരം, എന്നെ നോക്കി പോ'കാക്ക' എന്നു നീട്ടിവിളിച്ചോ?
പടപ്പുറത്ത് കുഞ്ഞമ്പു നായരെ അറിയ്വോ?
എന്റെ നാട്ടുകാരനാണ്. കുപ്പായമിടാറില്ല. നെഞ്ചിലെ നരച്ച രോമക്കാടുകള്‍ കാട്ടി മഴയത്തും വെയിലത്തും കുടപിടിച്ചു നടക്കുന്ന മനുഷ്യന്‍. ഒരു മകന്‍ യുദ്ധത്തിനു മുന്‍പേ (കുവൈത്ത്) ഇറാഖിലായിരുന്നു. അക്കാലത്ത് കുഞ്ഞമ്പു നായര്‍ അതികാലത്തെ വീട്ടില്‍ വരും. ഒരിക്കലും ഇറാഖില്‍ പോകാത്ത ഇറാഖിന്റെ ഭൂമിശാസ്ത്രം പറയാന്‍.
എന്റെ ഉപ്പയുടെ വലിയ ചങ്ങാതിയാണ്. എന്നെ കാണുമ്പോഴൊക്കെ പറയും. 'ഇവനെ നമുക്ക് ഇറാഖിലേക്ക് അയക്കണം. അവിടെ കരക്കയിലല്ലേ ഫാന്‍...'
അന്ന് ഫാനൊക്കെ വലിയൊരുസംഭവമാണ്. എന്നാലും കരക്കയിലെ ഫാന്‍ അന്നെനിക്ക് മനസിലായില്ല. പിന്നീടാണ് അതിന്റെ 'ക്ലാപ്പ്' പിടികിട്ടിയത്. മരുഭൂമിയിലെ ചൂട് കാലാവസ്ഥയില്‍ പശുക്കളുടെ ആലയില്‍പ്പോലും (കരക്ക=തൊഴുത്ത്) കറങ്ങുന്ന ഫാനുണ്ട് എന്നാണ് നായരുടെ വാമൊഴി.
പല പുതിയ കഥകളും വായിക്കുമ്പോള്‍ എനിക്ക് കുഞ്ഞമ്പു നായരെ ഓര്‍മ വരും. സാരമില്ല. ഇനിയും വയസാകുമ്പോള്‍ ഒരു പക്ഷേ അതൊക്കെ മനസിലായിക്കൊള്ളും.
പണ്ട് ഞങ്ങളുടെ നാട്ടില്‍ ഒരു അത്തറ് കച്ചവടക്കാരനുണ്ടായിരുന്നു. ഭാര്യയും നാലഞ്ചു മക്കളുമുള്ള ഒരാള്‍. ഇങ്ങനെ നാട്ടുകാരെ മണപ്പിച്ച് എങ്ങനെ ജീവിക്കുന്നു എന്നു ചോദിച്ചാല്‍ തന്റെ ദാരിദ്ര്യം മറച്ചുവച്ചു മണക്കുന്ന ഉത്തരം പറയും. 'സമൂഹത്തിന്റെ നാറ്റമെങ്കിലും മാറട്ടെ മോനേ...'
ഒരത്തറു കച്ചവടക്കാരനായാലോ എന്നു ഞാനിപ്പോള്‍ ചിന്തിക്കുന്നതില്‍ വല്ല കുഴപ്പവുമുണ്ടോ ?
എനിക്കിന്നു കിട്ടിയത് പത്തും ഇരുപതുമാണ്. അതെണ്ണിക്കൊണ്ടിരിക്കുമ്പോള്‍ അടുത്തൂടെ പോയ ഒരപരിചിതന്‍ എന്നെ തെണ്ടിയെപ്പോലെ നോക്കുന്നു.
'എടാ, ദിര്‍ഹം എണ്ണി രാജ്യത്തെ സേവിച്ചവനാണ് ഞാന്‍. ഒരു പഴയ എന്‍.ആര്‍.ഐ...'
അതിരാവിലെ കുളിച്ച് അമ്പലത്തില്‍ പോകുന്ന വാസു നമ്പൂരി ഇപ്പോള്‍ പോകുന്നത് ഏട്ടിയെമ്മിലേക്കാണ്. സുബ്ഹി ബാങ്ക് കൊടുത്താലും അയമു ഹാജി പോകുന്നതും അങ്ങോട്ടേക്കാണ്.
ഏട്ടിയെമ്മുകള്‍ എത്രപെട്ടെന്നാണ് ക്ഷേത്രവും പള്ളിയുമൊക്കെ ആയിപ്പോയത് ?
ഞാനെന്റെ കവിതയെ അഴിച്ചുവിടുന്നു.
വന്ധീകരിക്കുകയോ എറിഞ്ഞു കൊല്ലുകയോ ചെയ്യാം. എന്നാലും, അതു കടിക്കില്ല. (വളര്‍ത്താനറിയില്ലെങ്കില്‍ കൊല്ലാനറിയുക. രണ്ടുമറിയില്ലെങ്കില്‍ കെട്ടഴിച്ചു വിടുക)
പിന്‍മൊഴി: നിങ്ങളെന്നെ പ്രശംസിക്കരുത്. എനിക്ക് അഹങ്കാരം (കുര)വരും.
അന്തിക്ക് ഭാര്യയെ ചീത്തവിളിച്ചാല്‍ അതും കവിതയാണെന്നു
തെറ്റിദ്ധരിക്കുന്ന കാലം.
അന്തിക്ക് മക്കളെ തൊഴിച്ചാല്‍ അതും തനതു കലയാണെന്ന് വാഴ്ത്തുന്ന കാലം.
കാലമേ, കാലപ്രവാഹമേ, നീയെത്ര ദുഷ്ടന്‍.
ഹോട്ടലില്‍ മമ്മിച്ച പൊറോട്ട ചുടുമ്പോലെ അങ്ങോട്ടടി, ഇങ്ങോട്ടടി, തിരിച്ചടി, മറിച്ചടി...
അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കും. മതമൈത്രിയാണ് വിഷയം. ജീവിതത്തില്‍ ഇല്ലെങ്കിലും നാടകത്തിലും സിനിമയിലും കണ്ടുവരുന്നത്. രംഗ സജ്ജീകരണവും അഭിനയവും മികച്ചത്.
എങ്കിലും, ഏറ്റവും മുന്നിലിരുന്നിട്ടും എനിക്ക് നാടകം പൂര്‍ണമായും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കാരണം, സ്റ്റേജില്‍ ഒരു ചിത്രശലഭം വീണു കിടക്കുന്നു.
ചിറകുകള്‍ ചലിപ്പിക്കുന്നുണ്ട്. അതിവെളിച്ചത്തിലേക്കു പാറി വന്നതാണ്. നാടകം തീരുന്നതുവരെ തകര്‍ത്തഭിനയിക്കുന്ന കലാകാരന്മാരുടെ കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമരരുതേ എന്ന പ്രാര്‍ഥനയായിരുന്നു.
ഒടുവില്‍ കരയുന്ന നായികയുടെ വേഷത്തിലേക്ക് അതു ചിറകു വിടര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."