നയപ്രഖ്യാപനത്തോട് ഗവര്‍ണര്‍ വിയോജിച്ചത് പുതിയ നിയമപ്രശ്‌നങ്ങള്‍ക്കിടയാക്കും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: നയപ്രഖ്യാപനത്തിന്റെ ഒരു ഭാഗത്തോടു വിയോജിച്ച ഗവര്‍ണറുടെ നടപടി പുതിയ നിയമപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നയപ്രഖ്യാപനം ഗവര്‍ണര്‍ മുഴുവന്‍ വായിച്ചാലും വായിച്ചില്ലെങ്കിലും സര്‍ക്കാര്‍ നയമാണ്. അതു വായിക്കാന്‍ അദ്ദേഹത്തോട് അപേക്ഷിക്കേണ്ടിയിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രസംഗമാണത്.
അതു തയാറാക്കി നല്‍കുകയാണ് വേണ്ടത്. വായിക്കുന്നില്ലെങ്കില്‍ അതിനുള്ള നടപടികളെടുക്കണം. പ്രിന്റ് ചെയ്ത ഭാഗം മുഴുവന്‍ വായിച്ചില്ലെങ്കിലും വായിച്ചതിനു തുല്യമാണ്. ഈ ഭാഗത്തോട് തനിക്ക് വിയോജിപ്പുണ്ട്, മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് വായിക്കുന്നു എന്നാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്. ഇത് അസാധാരണമാണ്. പുതിയ നിയമ പ്രശ്‌നങ്ങള്‍ പലതും ഉണ്ടാക്കും.
ഗവര്‍ണര്‍ സര്‍ക്കാര്‍ പറയുന്നത് നടത്തികൊടുക്കുന്ന തലവനാണ്. എന്റെ നിലപാട് ഇതെന്നു നിയമസഭക്കു മുന്‍പില്‍ ഗവര്‍ണര്‍ പറഞ്ഞത് പുതിയ കീഴ്‌വഴക്കം ഉണ്ടാക്കും. വായിക്കാതെ വിട്ടിരുന്നെങ്കില്‍ അതു സര്‍ക്കാര്‍ നയമായി നിലനില്‍ക്കും. പദവിയുടെ ഗൗരവം കുറക്കുന്ന രീതിയിലാണ് ഗവര്‍ണര്‍ നിരന്തരം പെരുമാറുന്നതെന്നും അതാണ് ഇപ്പോള്‍ നിയമസഭയിലും അദ്ദേഹം ആവര്‍ത്തിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭരണഘടനയുടെ പവിത്രതക്കെതിരായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്കെതിരേ ഭരണഘടനയേയും മതേതരത്വത്തേയും ബഹുമാനിക്കുന്ന പ്രതിപക്ഷം ചെയ്യേണ്ടതാണ് ചെയ്തതെന്നും ജനങ്ങളുടെ പ്രതിഷേധമാണ് സഭയില്‍ യു.ഡി.എഫ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന് അതു പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് ഭരണകക്ഷിയുടെ അങ്ങേയറ്റത്തെ നിസഹായവസ്ഥയാണ്. ജനാധിപത്യ രീതിയിലാണ് യു.ഡി.എഫ് ഗവര്‍ണറെ തടഞ്ഞത്. യു.ഡി.എഫിന്റെ ജനാധിപത്യ ബോധമാണ് സമരരീതിയില്‍ കണ്ടത്. ഗവര്‍ണര്‍ എല്ലാ പരിധികളും ലംഘിച്ചാണ് മുന്നോട്ടുപോകുന്നത്.
ഇത്തരത്തിലുള്ള ഒരു പ്രതിഷേധം ഏറ്റുവാങ്ങാന്‍ ഗവര്‍ണര്‍ യോഗ്യനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ ആരായാലും നടപടിയെടുക്കുമെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."